Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മുഖ സന്ധ്യവേല സമാപിച്ചു
31/10/2023
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള മുഖ സന്ധ്യവേലയുടെ സമാപന ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന മുഖ സന്ധ്യവേല തിങ്കളാഴ്ച സമാപിച്ചു. ക്ഷേത്രത്തിലെ ദേവസ്വം ജീവനകാരുടെ കൂട്ടായ്മയിലാണ് സമാപന സന്ധ്യവേല നടത്തിയത്. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ഗജവീരന്‍ തിരുനക്കര ശിവന്‍ പുറത്തേക്ക് എഴുന്നള്ളിച്ചു. വൈകിട്ട് നടന്ന എഴുന്നള്ളിപ്പിന് കാവാലം ഷാജികുമാര്‍ ചേര്‍ത്തല മനോജ് ശശി എന്നിവരുടെ നാദസ്വരവും തേരോഴി രാമകുറുപ്പിന്റെ നേതൃത്വത്തില്‍ നൂറില്‍പരം കലാകാരന്‍മാര്‍ പങ്കെടുത്ത വിശേഷാല്‍ മേളവും അകമ്പടിയായി.
മുഖ സന്ധ്യവേലയുടെ സമാപന ദിവസം നടന്ന എഴുന്നളളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. ഏറ്റുമാനൂര്‍, തെക്കംകൂര്‍, അമ്പലപ്പുഴ, തിരുവല്ല എന്നീ നാട്ടുരാജാക്കന്‍മാര്‍ നടത്തിയിരുന്ന സന്ധ്യവേല ഇപ്പോള്‍  ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്.
വിവിധ സമൂഹങ്ങളുടെ സന്ധ്യവേല നവംബര്‍ 18ന് വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയോടെ ആരംഭിക്കും. 20ന് കന്നട സമൂഹത്തിന്റെയും, 21ന് തമിഴ് വിശ്വബഹ്‌മസമാജത്തിന്റെയും, 22ന് വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേല ഉണ്ടാകും. വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കല്‍ നവംബര്‍ 21ന് രാവിലെ 8.15നും 10.15നും ഇടയില്‍ ക്ഷേത്രകലവറയില്‍ നടക്കും. കൊടിയേറ്ററിയിപ്പും കുലവാഴ പുറപ്പാടും 23നാണ്. അഷ്ടമി ഉത്സവത്തിന് നവംബര്‍ 24ന് രാവിലെ 8.45നും 9.05നും ഇടയില്‍ കൊടിയേറും. ഡിസംബര്‍ അഞ്ചിനാണ് അഷ്ടമി. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഏഴിന് മുക്കുടി നിവേദ്യവും ഉണ്ടാകും.