Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ഭക്തിയുടെ നിറവില്‍ കൊടിക്കയര്‍ സമര്‍പ്പിച്ചു
30/10/2023
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രനടയില്‍ ഉന്റാശ്ശേരി കുടുംബാഗംങ്ങള്‍ കൊടിക്കയര്‍ സമര്‍പ്പിക്കുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റുന്നതിനുള്ള കൊടിക്കയര്‍ സമര്‍പ്പിച്ചു. ഇരുക്ഷേത്രങ്ങളിലെയും ഉത്സവത്തിന് കൊടിയേറ്റിനുള്ള കയര്‍ സമര്‍പ്പിക്കാനുള്ള പരമ്പരാഗത അവകാശം വൈക്കത്തെ ഉന്റാശ്ശേരി കുടുംബത്തിനാണ്. മഹാരാജാവിനെയും പരിവാരങ്ങളെയും കടവുകടത്തി അക്കര എത്തിച്ചതിനു രാജാവ് കല്‍പിച്ച് നല്‍കിയ പാരിതോഷികമാണ് ഉന്റാശ്ശേരി കുടുംബക്കാര്‍ക്ക് കൊടിക്കയര്‍ സമര്‍പിക്കാനുള്ള അവകാശം. ഉന്റാശ്ശേരി കുടുംബത്തില്‍ നിന്നും ചമയങ്ങളണിഞ്ഞ ഗജവീരന്‍, താലപ്പൊലി, വാദ്യമേളങ്ങള്‍, മൂത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ആദ്യം വൈക്കം ക്ഷേത്രത്തിലെത്തി കൊടിമര ചുവട്ടില്‍ കൊടിക്കയര്‍ സമര്‍പ്പണം നടത്തി. പിന്നീട് ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലും കൊടിക്കയര്‍ സമര്‍പ്പിച്ചു. കുരുത്തോലയില്‍ പൊതിഞ്ഞ് ഓലക്കുട ചൂടി തലയില്‍ ചുമന്ന് പരമ്പരാഗത രീതിയിലായിരുന്നു സമര്‍പ്പണം. വൈക്കം ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ പി.എസ് വിഷ്ണു, ഉപദേശക സമിതി അംഗങ്ങളായ  നാരായണന്‍ നായര്‍ ഓണാട്ട്, ദിവകാരന്‍ മട്ടക്കല്‍, കെ.വി രാജേന്ദ്രപ്രസാദ് , ഉഷ നായര്‍ എന്നിവരും ഉദയനാപുരം ക്ഷേത്രത്തില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു കെ.ബാബു, ഉപദേശക സമിതി ഭാരവാഹികളായ വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, ശിവന്‍കുട്ടി നായര്‍, ഗിരീഷ് മാവേലിത്തറ, ബിനു ലവ് ലാന്‍ഡ് എന്നിവരും ഏറ്റുവാങ്ങി.
ഉത്സവങ്ങള്‍ക്ക് ആരംഭം കുറിക്കുംമുന്‍പ് തന്നെ ഉന്റാശ്ശേരി കുടുബാംഗങ്ങള്‍ വ്രതമെടുത്ത് കൊടിക്കൂറ നിര്‍മിക്കുന്നതിനുള്ള ഒരുക്കം തുടങ്ങും. പട്ടും നൂലും കയറും ചേര്‍ത്താണ് കൊടിക്കയര്‍ തയ്യാറാക്കുന്നത്. വൈക്കം ക്ഷേത്രത്തിലേക്ക് 56 മീറ്റര്‍ നീളത്തിലും ഉദയനാപുരം ക്ഷേത്രത്തിലേക്ക്53 മീറ്റര്‍ നീളത്തിലുമാണ് കൊടിക്കയര്‍ നിര്‍മിച്ചത്.