Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: വിശേഷാല്‍ ചടങ്ങുകളോടെ പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പ്
21/10/2023
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി നടന്ന പുള്ളി സന്ധ്യവേലയുടെ രണ്ടാം ദിവസത്തെ പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള രണ്ടാം ദിവസത്തെ പുള്ളി സന്ധ്യവേല വിശേഷാല്‍ ചടങ്ങുകളോടെ നടന്നു. ശ്രീബലി എഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തര്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തി. പ്രഭാത ശ്രീബലിക്ക് മേല്‍ശാന്തി തരണി ശ്രീധരന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ആടയാഭരണങ്ങളും പുഷ്പാലാങ്കാരങ്ങളും ചാര്‍ത്തി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ ഭാരത് വിശ്വനാഥ് തിടമ്പേറ്റി. ഉദയനാപുരം രാജേഷ്, വൈക്കം സുമോദ്, ചേര്‍ത്തല മനോജ് ശശി, വെചൂര്‍ വൈശാഖ്, വൈക്കം അഭിലാഷ് എന്നിവരും കലാപീഠം വിദ്യാര്‍ത്ഥികളും മേളം ഒരുക്കി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു.
ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ഉത്സവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂര്‍വം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യവേല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ്.വിഷ്ണു നേതൃത്വം വഹിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡ വര്‍മ ചേര്‍ത്തല, ആലപ്പുഴ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോള്‍ അതില്‍ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വര്‍ഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിവന്നിരുന്നതാണ് പുള്ളി സന്ധ്യവേല. ഇപ്പോള്‍  ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്. 25നാണ് പുള്ളി സന്ധ്യവേലയുടെ സമാപനം. രാവിലെയും വൈകിട്ടും ആനപുറത്ത് ശ്രീബലി, മണ്ഡപത്തില്‍ വാരമിരിക്കല്‍, പ്രാതല്‍, വിളക്ക് എന്നിവയാണ് ചടങ്ങുകള്‍. അഷ്ടമി ഉത്സവത്തിന് നവംബര്‍ 24ന് കൊടിയേറും. ഡിസംബര്‍ അഞ്ചിനാണ് വൈക്കത്തഷ്ടമി. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.