Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ഭക്തിസാന്ദ്രമായി
19/10/2023
വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രകലറയില്‍ നടന്ന പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കല്‍.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കല്‍ ഭക്തിസാന്ദ്രമായി. ക്ഷേത്ര കലവറയില്‍ നിറദീപം തെളിയിച്ച് തുശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച ശേഷമാണ് കോപ്പുതുക്കല്‍ നടത്തിയത്. ദേവസ്വം ഡെപ്യൂട്ടി  കമ്മിഷണര്‍ ബി മുരാരി ബാബു ക്ഷേത്രത്തിലെ അടിയന്തരങ്ങള്‍ക്ക് ആവശ്യമായ സാധനങള്‍ അളന്നുതൂക്കി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണുവിനെ എല്‍പ്പിച്ചു. പ്രതീകാത്മകമായി മംഗളവസ്തുക്കളായ മഞ്ഞളും ചന്ദനവുമാണ് കോപ്പുതൂക്കലിന്  ഉപയോഗിച്ചത്. വൈക്കത്തഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. ചടങ്ങില്‍ അസി. കമ്മീഷണര്‍ കെ.ഇന്ദുകുമാരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നാരായണന്‍ നായര്‍ ഓണട്ട്, ഭാരവാഹികളായ കെ.വി രാജേന്ദ്രപ്രസാദ്, എസ്.ആനന്ദകുമാര്‍, വി.സി സിജു, പി.എന്‍ മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.
അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല വ്യാഴാഴ്ച ആരംഭിക്കും. ഒക്ടോബര്‍ 19 മുതല്‍ 25 വരെ ഒന്നിടവിട്ട നാലു ദിവസങ്ങളിലായാണ് പുള്ളി സന്ധ്യവേല നടക്കുന്നത്. ദേവസ്വം ഭാരാവാഹികളും ഭക്തരും ഉത്സവത്തിന് മുന്നോടിയായി വൈക്കത്തപ്പന് ആഘോഷപൂര്‍വം അര്‍പ്പിക്കുന്ന ചടങ്ങാണ് പുള്ളി സന്ധ്യവേല.
തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡ വര്‍മ ചേര്‍ത്തല, ആലപ്പുഴ പ്രദേശങ്ങള്‍ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോള്‍ അതില്‍ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വര്‍ഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിവന്നിരുന്നതാണ് പുള്ളി സന്ധ്യവേല. ഇപ്പോള്‍  ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്. നവംബര്‍ 24ന് അഷ്ടമി ഉത്സവത്തിന് കൊടിയേറും. ഡിസംബര്‍ അഞ്ചിനാണ് വൈക്കത്തഷ്ടമി. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.