Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ കാലാനുസൃത മാറ്റം കൊണ്ടുവന്നു: മന്ത്രി മുഹമ്മദ് റിയാസ്
18/10/2023
സംസ്ഥാന ബജറ്റില്‍പെടുത്തി 10 കോടി രൂപ വിനിയോഗിച്ചു ആധുനിക നിലവാരത്തില്‍ നവീകരിക്കുന്ന വൈപ്പിന്‍പടി-ടി.വി പുരം റോഡിന്റെ നിര്‍മാണ ഉദ്ഘാടന ശിലാഫലകം സി.കെ ആശ എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു.

വൈക്കം: റോഡ് നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാലാനുസൃതമായ മാറ്റമാണ് കൊണ്ടുവരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തില്‍ നവീകരിക്കുന്ന വൈപ്പിന്‍പടി-ടി.വി പുരം തൃണയുംകുടം റോഡിന്റെയും ടോള്‍-ചെമ്മനാകരി റോഡിന്റെയും നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണ റോഡിനെക്കാളും മൂന്നിരിട്ടി തുക മുടക്കിയാണ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലുള്ള റോഡുകളുടെ നിര്‍മാണം. മറവന്‍തുരുത്ത് പഞ്ചായത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ടോള്‍-ചെമ്മനാകരി റോഡ് നവീകരണത്തോടെ വേഗം കൂടും. ടൂറിസത്തിന് ഏറെ സാധ്യതകളുള്ള പ്രദേശമെന്ന നിലയില്‍ മറവന്‍തുരുത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വൈക്കത്തുകാര്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനമാണ് ആധുനിക നിലവാരത്തിലുള്ള സഞ്ചാരപാതകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സമ്മേളനങ്ങളില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ടോള്‍ മുതല്‍ ചെമ്മനാകരി ബോട്ട്‌ജെട്ടി വരെ 4.5 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ സുരക്ഷയ്ക്കായി സംരക്ഷണ ഭിത്തിയും വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ലീഡിങ് ഡ്രെയിനേജും നിര്‍മിക്കും. കൂടാതെ റോഡില്‍ സൈന്‍ ബോര്‍ഡ്, ലൈന്‍ മാര്‍ക്കിങ്, റോഡ് സ്റ്റഡുകള്‍, ഗാര്‍ഡ് പോസ്റ്റുകള്‍, റിഫ്ളക്ടിങ് ടൈലുകള്‍, ഡിലിനീറ്റര്‍ പോസ്റ്റ് എന്നിവയും സ്ഥാപിക്കും. 1.740 കിലോമീറ്റര്‍ ദൂരത്തില്‍ ഷ്രഡ്ഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബി.സിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈക്കത്തെ വിവിധ പ്രദേശങ്ങളെ ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്കും, ചെമ്മനാകരി ജെട്ടി എന്നിവിടങ്ങളിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
വൈക്കം കച്ചേരിക്കവലയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ശശിധരന്‍, എം.ഡി ബാബുരാജ്, സുബൈര്‍ പുളിന്തുരുത്തില്‍, എബ്രഹാം പഴയകടവന്‍, പി.അമ്മിണിക്കുട്ടന്‍, എം.കെ രവീന്ദ്രന്‍, രാജു, ബി.ശശിധരന്‍, കെ.കെ സചിവോത്തമന്‍, കെ.എസ് മാഹിന്‍, റഷീദ്, സിറിയക് എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ടോള്‍ ജങ്ഷനുസമീപം നടന്ന ചടങ്ങില്‍ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ കെ.ജോസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ശെല്‍വരാജ്, സാബു പി.മണലൊടി, പോള്‍ തോമസ്, ജോയ് ചെറുപുഷ്പം, കെ.രാജപ്പന്‍, റോഡ്സ് വിഭാഗം അസി. എഞ്ചിനീയര്‍ ടി.എ നജ്മുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.