Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈപ്പിന്‍പടി-ടി.വി പുരം, ടോള്‍-ചെമ്മനാകരി റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക്; നിര്‍മാണോദ്ഘാടനം ഒക്‌ടോബര്‍ 17ന്
16/10/2023

വൈക്കം: സംസ്ഥാന ബജറ്റില്‍പെടുത്തി ബിഎം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന വൈപ്പിന്‍പടി-ടി.വി പുരം, ടോള്‍-ചെമ്മനാകരി റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം ഒക്‌ടോബര്‍ 17 ചൊവ്വാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വൈപ്പിന്‍പടി-ടി വി പുരം റോഡിന്റെ ഉദ്ഘാടനം രാവിലെ 10നും ടോള്‍-ചെമ്മനാകരി റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 4.30നും ഓണ്‍ലൈന്‍ ആയാണ് മന്ത്രി നിര്‍വഹിക്കുക. വൈക്കത്തും ടോള്‍ ജങ്ഷനിലുമായി നടക്കുന്ന സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങുകളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
വൈക്കത്തെ പ്രധാന റോഡുകളെല്ലാം ആധുനിക നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് വൈക്കത്തെയും ടി.വി പുരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വൈപ്പിന്‍പടി-മടിയത്തറ-കൊച്ചുകവല-കച്ചേരിക്കവല-ടി.വി പുരം തൃണയംകുടം റോഡും, മറവന്‍തുരുത്ത് പഞ്ചായത്തിലെ പ്രധാന പാതയായ ടോള്‍-ചെമ്മനാകരി റോഡും നവീകരിക്കുന്നത്.
സി.കെ ആശ എംഎല്‍എയുടെ ആവശ്യപ്രകാരമാണ് 2021-22 സംസ്ഥാന ബജറ്റില്‍പെടുത്തി ടോള്‍-ചെമ്മനാകരി റോഡിന് അഞ്ചു കോടിയും, 2022-23 ബജറ്റില്‍പെടുത്തി വൈപ്പിന്‍പടി-ടി.വി പുരം റോഡിന് 10 കോടിയും സര്‍ക്കാര്‍ അനുവദിച്ചത്.
തകര്‍ന്നു കിടന്നിരുന്ന ടോള്‍-ചെമ്മനാകരി റോഡില്‍ ചാലുംകടവ് മുതല്‍ ചെമ്മനാകരി വരെയുള്ള ഭാഗം രണ്ടു വര്‍ഷം മുന്‍പ് സി.കെ ആശ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 65 ലക്ഷം രൂപ ചെലവഴിച്ച് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. ബാക്കിയുള്ള ചാലുംകടവ് മുതല്‍ ടോള്‍ വരെയുള്ള ഭാഗം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം ടാറിങ് നടക്കാത്തതിനാല്‍ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇതുള്‍പ്പെടെയാണ് ചെമ്മനാകരി വരെ ബിഎം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മിക്കുന്നത്. വൈക്കം നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം ബിഎം ആന്റ് ബിസി നിലവാരത്തിലേക്കുയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് സി.കെ ആശ അറിയിച്ചു.