Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹജീവി സ്‌നേഹം കുട്ടികളുടെ പഠനവിഷയമാകണം: മന്ത്രി പി പ്രസാദ്
15/10/2023
സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിര്‍വഹിക്കുന്നു.

വൈക്കം: കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്നതിനൊപ്പം അവ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രയത്‌നത്തില്‍ സഹകാരികളാകുകയും ചെയ്യുമ്പോഴാണ് നാടിനും നാട്ടുകാര്‍ക്കും അഭിമാനിക്കാവുന്ന യുവതലമുറ രൂപീകരിക്കപ്പെടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ, ജര്‍മനി ആസ്ഥാനമായി ഫാ. തോമസ് മറ്റത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയുമായി സഹകരിച്ച്, വൈക്കം, ചേര്‍ത്തല മേഖലകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനായി നടപ്പാക്കുന്ന സഹൃദയ വിദ്യാദര്‍ശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലമായ പാഠപുസ്തകങ്ങള്‍ക്കപ്പുറം പരിസ്ഥിതിയും മാനവിക മൂല്യങ്ങളും സഹജീവി സ്‌നേഹവും കുട്ടികളുടെ പഠന വിഷയങ്ങളാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് സഹൃദയ മേഖലാ ഓഫിസില്‍ സംഘടിപ്പിച്ച യോഗത്തില്‍ ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. മുട്ടം ഫൊറോനാ വികാരി ഫാ. ആന്റോ ചേരാന്തുരുത്തി അനുഗ്രഹപ്രഭാഷണവും, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയിലെ റാങ്ക് ജേതാവ് ആന്റണി ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, നഗരസഭാ കൗണ്‍സിലര്‍ ബി സനീഷ്, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി എന്നിവര്‍ പ്രസംഗിച്ചു. വി.കെ കൃഷ്ണകുമാര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിനു നേതൃത്വം നല്‍കി.