Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്ണംകുളത്ത് കടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി
13/10/2023
അറ്റകുറ്റപണികള്‍ പൂര്‍ത്തിയായ കുലശേഖരമംഗലം കണ്ണംകുളത്ത് കടവ്-തുരുത്തുമ്മ തൂക്കുപാലം.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ തുരുത്തുമ്മ ദ്വീപ് നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണംകുളത്ത് കടത്തുകടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി. കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ മുടങ്ങിയതുമൂലം പാലത്തിന്റെ പ്ലാറ്റ്ഫോമും സ്റ്റെപ്പുകളും തുരുമ്പിച്ച് ജീര്‍ണാവസ്ഥയിരുന്നു. തുരുമ്പിച്ച ചെക്കഡ് പ്ലെയ്റ്റ്, ആംഗ്ലയര്‍, നട്ട് ബോള്‍ട്ടുകള്‍ എന്നിവയെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചു. വിട്ടുകിടന്ന വെല്‍ഡിങ് ജോയിന്റുകള്‍ വെല്‍ഡ് ചെയ്തു. വയര്‍ റൂപ്പിന് ഉള്‍പ്പെടെ കാര്‍ഡിയം കോമ്പൗണ്ട് അടിച്ചു. പാലത്തിന്റെ എല്ലാ ഭാഗവും വൃത്തിയാക്കി എപ്പോക്‌സി പെയിന്റ് ചെയ്തിട്ടുണ്ട്. കെ.ജെ ജോസ് കണ്‍സ്ട്രക്ഷന്‍സാണ് 50 മീറ്റര്‍ ഉയരത്തിലും 140 മീറ്റര്‍ നീളത്തിലുമുള്ള പാലത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയത്.
ഒന്നര പതിറ്റാണ്ട് മുന്‍പ് കടത്തുകടവില്‍ വള്ളം മുങ്ങി കടത്തുകാരനും പഞ്ചായത്ത് മെമ്പറും മുങ്ങി മരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് തൂക്കുപാലത്തിന് പദ്ധതി തയ്യാറാക്കിയത്. 12 വര്‍ഷം മുമ്പ് റവന്യു വകുപ്പിന്റെ ഉടമസ്ഥതയില്‍ ഒരു കോടിയില്‍പരം രൂപാ ചെലവഴിച്ച് പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനിയറിംഗ് കമ്പനി (കെല്‍)യാണ് പാലം നിര്‍മിച്ചത്. കാലാകാലങ്ങളിലെ അറ്റകുറ്റപ്പണികള്‍ ഗ്രാമപഞ്ചായത്തിന്റെ ചുമതലയില്‍ നടത്തണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും പാലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനു വിട്ടുനല്‍കാന്‍ കാലതാമസം നേരിട്ടതോടെ മെയ്ന്റനന്‍സ് ജോലികള്‍ നീണ്ടുപോവുകയായിരുന്നു. നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് അഞ്ചുവര്‍ഷം മുമ്പാണ് ഉടമസ്ഥാവകാശം പഞ്ചായത്തിന് കൈമാറിയത്. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റ പണി നടത്താതെ വന്നതോടെ പാലത്തിന്റെ പ്ലാറ്റ്‌ഫോം തുരുമ്പിച്ച് പലഭാഗങ്ങളും അടര്‍ന്നു തുടങ്ങിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ യാത്രാമാര്‍ഗമായ പാലത്തിന്റെ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫും രംഗത്ത് എത്തിയിരുന്നു.