Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം സ്റ്റാന്റ് രക്തസാക്ഷി സ്മാരകമാക്കണം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ നിവേദനം നല്‍കി
06/10/2023
വൈക്കം ദളവാക്കുളം ബസ് സ്റ്റാന്റ് രക്തസാക്ഷി സ്മാരക ബസ് ടെര്‍മിനല്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നഗരസഭ ചെയര്‍പേഴ്സണ് നിവേദനം നല്‍കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയ്ക്ക് സമീപമുള്ള നഗരസഭയുടെ ദളവാക്കുളം ബസ് സ്റ്റാന്റ് രക്താസാക്ഷി സ്മാരക ബസ് ടെര്‍മിനല്‍ എന്നാക്കി  പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നഗരസഭ അധിക്യതര്‍ക്ക് നിവേദനം നല്‍കി. ബസ് സ്റ്റാന്റില്‍ ദളവാക്കുളം രക്തസാക്ഷി സ്മാരകവും മ്യൂസിയവും നിര്‍മിക്കുന്നതിന് 10 സെന്റ് സ്ഥലം വൈക്കം യൂണിയന് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 10ന് യൂണിയന്റെ കീഴിലുള്ള 54 ശാഖകളില്‍ നിന്നുമുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ വൈക്കം ടി.കെ മാധവന്‍ സ്‌ക്വയറില്‍ കേന്ദ്രീകരിച്ച് പ്രകടനമായി ദളവാക്കുളം ബസ് സ്റ്റാന്റില്‍ സജ്ജമാക്കിയിട്ടുള്ള രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നഗരസഭ ഓഫിസിനു മുന്നിലെത്തി വിശദീകരണ സമ്മേളനം നടത്തി. തുടര്‍ന്ന് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാമിന് നിവേദനം സമര്‍പ്പിച്ചു.
ടി.കെ മാധവന്‍ സ്‌ക്വയറില്‍ നിന്നും  പുറപ്പെട്ട പ്രകടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് പി മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ രമേഷ് പി ദാസ്, മധു ചെമ്മനത്തുകര, ബിജു കൂട്ടുങ്കല്‍, എം.പി ബിജു, എം.എസ് രാധാകൃഷ്ണന്‍, ടി.എസ് സെന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത്മൂവ്മെന്റ്  പ്രസിഡന്റ് എം മനു, സെക്രട്ടറി രമേശ് കൊക്കാട്ട്  എന്നിവര്‍ നേതൃത്വം നല്‍കി.
നഗരസഭാ കവാടത്തിനു മുന്നില്‍ നടത്തിയ വിശദീകരണ സമ്മേളനം എസ്എന്‍ഡിപി  യോഗം കൗണ്‍സിലര്‍ പി.ടി മന്മഥന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭാരവാഹികളും ശാഖാഭാരവാഹികളും പ്രസംഗിച്ചു.