Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് പാലായ്ക്കരി ഫിഷ് ഫാമിലേക്ക് കൂടുതല്‍ സര്‍വീസുമായി കെഎസ്ഐഎന്‍സി
30/09/2023
ചെമ്പ് പാലാക്കരി അക്വാ ടൂറിസം സെന്റര്‍ കെഎസ്‌ഐഎന്‍സിയുമായി സഹകരിച്ച് ആരംഭിച്ച ടൂറിസം പാക്കേജിന്റെ ഭാഗമായി പാലാക്കരിയില്‍ സഞ്ചാരികളുമായി എത്തിയ ക്രൂയിസ് ബോട്ടുകള്‍.

വൈക്കം: മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്നിലെ പാലായ്ക്കരി ഫിഷ് ഫാമിലേക്ക് കൂടുതല്‍ ബോട്ട് സര്‍വീസുമായി കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍. കഴിഞ്ഞ ഓഗസ്റ്റ് 13നാണ് പാലായ്ക്കരി ഫാമിലേക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നും കെഎസ്ഐഎന്‍സി ആദ്യ യാത്ര ഒരുക്കിയത്. യാത്രക്കാരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതോടെ രണ്ടാമതൊരു ബോട്ട് കൂടി സര്‍വീസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ഐഎന്‍സിയുടെ മിഷെല്ലെ, ക്ലിയോപാട്ര എന്നീ രണ്ടു ബോട്ടുകളില്‍ പാലാക്കരിയില്‍ എത്തിയ 125ഓളം യാത്രക്കാരെ ഫാം ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കായല്‍ കാഴ്ചകളും ഉള്‍നാടന്‍ ഭംഗിയും ആസ്വദിക്കാനുള്ള സൗകര്യമാണ് യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. വിവരണങ്ങള്‍ നല്‍കാന്‍ ഗൈഡും, ആടാനും പാടാനുമുള്ള അന്തരീക്ഷമൊരുക്കി ഗായകരും ക്രൂയിസിന്റെ ഭാഗമാണ്. ചായ, ചെറുകടികള്‍ എന്നിവയും ലഭ്യമാണ്. പാലായ്ക്കരി ഫാമിലെ ഉച്ചയൂണും പെഡല്‍ ബോട്ടില്‍, തുഴച്ചില്‍ വഞ്ചി, കയാക്കി, കുട്ടവഞ്ചി എന്നിവയും സഞ്ചാരികള്‍ക്ക് ഒരുപോലെ ആസ്വദിക്കാം.  
വൈകിട്ട് അഞ്ചോടെ തിരികെ കൊച്ചിയില്‍ എത്തുന്ന കൊച്ചി-പാലായ്ക്കരി ബജറ്റ് ടൂറിന് 999 രൂപയാണ്. അഞ്ചുവയസ് വരെ സൗജന്യം.
മത്സ്യഫെഡിലെ പാലായ്ക്കരി ഫിഷ് ഫാം മാത്രം സന്ദര്‍ശിക്കുന്നതിന് പ്രവൃത്തി ദിവസങ്ങളില്‍ 250 രൂപയും ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലു 300 രൂപയും ആണ്. ഇതില്‍ ഒരു വെല്‍ക്കം ഡ്രിങ്കും ഉച്ചയ്ക്ക് മീന്‍ കൂട്ടിയുള്ള ഊണും ഐസ്‌ക്രീം പെഡല്‍ ബോട്ടിങ്ങും ചൂണ്ടയിടലും തുഴച്ചില്‍ വഞ്ചിയും കുട്ടികളുടെ പാര്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഫാം മാനേജര്‍ മെറിറ്റ് കുര്യന്‍ അറിയിച്ചു. കൂടാതെ കുട്ടവഞ്ചി, കയാക്കിങ്, മോട്ടോര്‍ ബോട്ട് എന്നിവയ്ക്കും റസ്റ്റോറന്റില്‍ നിന്നുമുള്ള പ്രത്യേക ഭക്ഷണത്തിനും അധിക നിരക്ക് നല്‍കേണ്ടി വരും. ബുക്കിങ്ങിന് 9846211143, 9744601234.