Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സനാതന ധര്‍മം വര്‍ണാശ്രമ അധര്‍മം: ഡോ. ജി മോഹന്‍ ഗോപാല്‍
27/09/2023
ശ്രീനാരായണ മാനവധര്‍മം കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ ഹാളില്‍ നടത്തിയ ശ്രീനാരായണ ഗുരുവിന്റെ വൈക്കം സന്ദര്‍ശനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഏകദിന സെമിനാര്‍ ലോ സ്‌കൂള്‍ ഓഫ് ഇന്‍ഡ്യ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി മോഹന്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാതി വര്‍ണ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുകയും വിവിധ തട്ടുകളിലാക്കുകയും ചെയ്യുന്ന മനുഷ്യവിരുദ്ധതയെ സനാതന ധര്‍മമെന്നല്ല വര്‍ണാശ്രമ അധര്‍മം എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് ഭരണഘടനാ വിദഗ്ധനും ജുഡീഷ്യല്‍ അക്കാദമി മുന്‍ഡയറക്ടറും നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്‍ഡ്യ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ജി മോഹന്‍ ഗോപാല്‍. വൈക്കം സത്യഗ്രഹ പോരാളികളെ ആവേശഭരിതരാക്കിയ ശ്രീനാരായണ ഗുരുവിന്റെ സന്ദര്‍ശനശതാബ്ദിയോടനുബന്ധിച്ച് ശ്രീനാരായണ മാനവധര്‍മം കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ഏകദിന സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതബോധമില്ലാതെ എങ്ങനെ ജീവിക്കാമെന്ന സന്ദേശം നല്‍കുന്ന ശ്രീനാരായണ മാനവ ധര്‍മവുമായി സനാതന ധര്‍മത്തെ താരതമ്യം ചെയ്യുന്നത് കടുത്ത അനീതിയാണ്. ശ്രീനാരായണ മാനവ ധര്‍മം സനാതന വര്‍ണാശ്രമ അധര്‍മത്തിനെതിരെ നടത്തിയ പോരാട്ടമാണ് വൈക്കം വിപ്ലവം എന്നും ജി മോഹന്‍ ഗോപാല്‍ പറഞ്ഞു.ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന അവസാനത്തെ തലമുറയായി ഇന്നത്തെ തലമുറ മാറണം. ഗുരുവചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കാതെ പച്ചയായി മനസ്സിലാക്കുകയാണ് വേണ്ടത്. കരുണ, അനുകമ്പ, അഹിംസ, സ്നേഹം, സ്വാഭിമാനം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ സദാചാര മൂല്യങ്ങളില്‍ അതിഷ്ഠിതമായ ജാതിമത വര്‍ണലിംഗഭേദമന്യേ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന ശ്രീനാരായണ ധര്‍മം തിരിച്ചറിയപ്പെടുന്നതോടെ സനാതന വര്‍ണാശ്രമ അധര്‍മത്തിന് പരിസമാപ്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ വി.ആര്‍ ജോഷി, സുദേഷ് എം രഘു, ഡോ. എം ശാര്‍ങ്ഗധരന്‍, ഗീത നസീര്‍, പ്രൊഫ. ഷീന ഷുക്കൂര്‍, അമല്‍ സി രാജന്‍, എന്‍.പി പ്രേമചന്ദ്രന്‍, ജെ രഘു, പി.പി രാജന്‍, ഡോ. അജയ് ശേഖര്‍, രതീഷ് അക്കരപ്പാടം, പി.കെ സുധീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. സി.കെ ആശ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.