Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവില്‍ ജങ്കാര്‍ പോള പായലില്‍ കുടുങ്ങി
15/09/2023
നേരേകടവ് ജങ്കാര്‍ ജെട്ടിക്ക് സമീപം പോള പായലിനു നടുവില്‍ യാത്രക്കാരുമായി കുടുങ്ങിയ ജങ്കാര്‍.

വൈക്കം: നേരേകടവ്-മാക്കേകടവ് ഫെറിയില്‍ പോള പായലില്‍ ജങ്കാര്‍ കുടുങ്ങി. ജങ്കാറിലുണ്ടായിരുന്ന യാത്രക്കാരെ മൂന്നു മണിക്കൂറിനു ശേഷം മറ്റൊരു ബോട്ടെത്തിച്ചു അതില്‍ കയറ്റിയാണ് കരക്കെത്തിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45ഓടെ മാക്കേകടവില്‍ നിന്ന് നേരേകടവിലേക്കു വരുമ്പോള്‍ നേരേകടവ് ജെട്ടിയോടടുക്കാറായപ്പോഴാണ് കായലില്‍ കനത്ത തോതില്‍ വളര്‍ന്നു തിങ്ങിയ പോള പായലില്‍ ജങ്കാര്‍ കുടുങ്ങിയത്. ഇരുചക്ര വാഹനങ്ങളില്‍ വന്നവരുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ജങ്കാറിലുണ്ടായിരുന്നു. ജങ്കാറിലെ ജീവനക്കാര്‍ ഏറെ നേരം പരിശ്രമിച്ചിട്ടും പോള പായലിനെ മറികടന്ന് ജങ്കാര്‍ അടുപ്പിക്കാന്‍ സാധിച്ചില്ല. പിന്നീട് വൈക്കത്തു നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി ജങ്കാറില്‍ വടം കെട്ടി ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ ബന്ധിച്ച് ജങ്കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പായല്‍ ജങ്കാറിന്റെ പ്രൊപ്പല്ലറില്‍ കുടുങ്ങിയതോടെ ജങ്കാറും യന്ത്രത്തകരാറിലായി. തുടര്‍ന്ന് ചെമ്മനാകരി-മണപ്പുറം ഫെറി സര്‍വീസിലെ ബോട്ടെത്തിച്ചാണ് വൈകിട്ട്‌ 5.30ഓടെ യാത്രക്കാരെ കരക്കെത്തിച്ചത്. കനത്ത മഴയും കാറ്റും ഈ സമയമില്ലാതിരുന്നതിനാല്‍ വന്‍അപകടമൊഴിവാകയി. വേമ്പനാട്ട് കായലില്‍ പോള പായല്‍ കനത്തതിനെ തുടര്‍ന്ന് വൈക്കം-തവണക്കടവ്, നേരേക്കടവ്-മാക്കേക്കടവ് ജങ്കാര്‍ സര്‍വീസും ചെമ്മനാകരി-മണപ്പുറം ചങ്ങാട സര്‍വീസും പായലില്‍ കുടുങ്ങുന്നത് പതിവാകുകയാണ്. ജങ്കാറുകള്‍ക്കു പുറമെ വൈക്കം- തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകള്‍ പോള പായല്‍ പ്രൊപ്പല്ലറില്‍ കുടുങ്ങി അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നതും പതിവാകുകയാണ്. ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്ന പോള പായല്‍ നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തോട് അധികൃതര്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.