Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ അലങ്കാര ഗോപുരത്തിന് ശിലാസ്ഥാപനം നടത്തി
12/09/2023
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന അലങ്കാര ഗോപുരത്തിന് തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തി. വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി ദീപം തെളിയിച്ചു. അരശുകോടം ദാമോദരന്‍ നമ്പൂതിരി ഭൂമി പൂജ നടത്തി. മധുരമീനാക്ഷി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ഗോപുരത്തിന് 18 അടി വീതീയും മേല്‍ക്കൂരയും ഗോപുരവും അടക്കം 29 അടി ഉയരം വരും. 18 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന അലങ്കാര ഗോപുരം ടി.വി പുരം സ്വദേശിയായ തെക്കേടത്ത് പ്രഭാകരന്‍ നായര്‍ വഴിപാടായാണ് സമര്‍പ്പിക്കുന്നത്. തമിഴ് ശില്‍പ ചാതുരയിലുള്ള അലങ്കാരഗോപുരത്തില്‍ ദേവീദേവന്‍മാരുടെ ശില്‍പങ്ങളും ആലേഖനം ചെയ്യും. നാലുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഗോപുരത്തിന്റെ ശില്‍പി കന്യാകുമാരി ശിവ ബാലയാണ്.
മൂത്തേടത്തുകാവ് ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഊരാഴ്മക്കാരായ ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ മന വിഷ്ണു നമ്പൂതിരി, ആനാത്താനത്തില്ലത്ത് എ.ജി വാസുദേവന്‍ നമ്പൂതിരി, സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രാജീവ് നമ്പൂതിരി, ബാലചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. അലങ്കാര ഗോപുരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍  വൈക്കത്തുകാരായ മൂന്ന് മുന്‍ശബരിമല മേല്‍ശാന്തിമാരും വൈക്കം ക്ഷേത്രം മേല്‍ശാന്തിയും എത്തിയത് വേറിട്ട അനുഭവമായി.