Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പള്ളി തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി
08/09/2023
കുടവെച്ചൂര്‍ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപം അലങ്കാരങ്ങള്‍ ചാര്‍ത്തി എഴുന്നള്ളിക്കുന്നു.

വൈക്കം : മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാളും പ്രദക്ഷിണവും ഭക്തിനിര്‍ഭരമായി. വെച്ചൂര്‍ മുത്തിയുടെ  അനുഗ്രഹങ്ങള്‍ക്കായി നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പള്ളിയില്‍ എത്തിയത്. മുല്ലപ്പൂവ് മാലകളും സ്വര്‍ണ്ണക്കിരീടവും ചാര്‍ത്തിയ മാതാവിന്റെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിച്ചപ്പോള്‍ ദര്‍ശനം നടത്താന്‍ ഭക്തരുടെ തിരക്കായിരുന്നു. തെളിഞ്ഞ കാലാവസ്ഥക്കൊപ്പം പ്രത്യേക ബസ് സര്‍വീസുകളും ഭക്തജനങ്ങള്‍ക്ക് ഗുണകരമായി. വെള്ളിയാഴ്ച രാവിലെ 10ന് ഫാ. ക്രിസ്റ്റി മഠത്തേട്ട് തിരുനാള്‍ പാട്ട് കുര്‍ബാന അര്‍പ്പിച്ചു. ജപമാല പ്രദക്ഷിണത്തിനും വന്‍തിരക്ക് അനുഭവപ്പെട്ടു. വികാരി ഫാ. സെബാസ്റ്റ്യന്‍ മാണിക്യത്താന്‍, സഹവികാരി ഫാദര്‍ ജിത്തു പള്ളിപ്പാട്ട്, ഫാ. ക്രിസ്റ്റി മഠത്തില്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപം ഏറെ അലങ്കാരങ്ങള്‍ ചാര്‍ത്തിയാണ് എഴുന്നള്ളിച്ചത്. പള്ളിക്കവാടത്തില്‍ നിന്നും കായലോരത്തെ കുരിശടിയിലേക്ക്  നീങ്ങിയ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പൊന്‍-വെള്ളി കുരിശുകളും പട്ട് കുടകളും വിവിധ സെറ്റ് വാദ്യമേളങ്ങളും ആള്‍ക്കൂട്ടവും പ്രദക്ഷിണത്തിന് പ്രൗഢിയേകി. വികാരി ഫാ. സെബാസ്റ്റ്യന്‍ മാണിക്യത്താന്‍, സഹവികാരി ജിത്തു പള്ളിപ്പാട്ട്, ട്രസ്റ്റിമാരായ ബിജു മിത്രംപള്ളി, വര്‍ഗീസ് തേവരപ്പറമ്പില്‍, പ്രസുദേന്തി ജോസഫ് മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.  നോയമ്പാചരണം നടത്തി വന്ന നൂറുകണക്കിനു ഭക്തര്‍ കായലോരത്തെ കൊടിമര ചുവട്ടില്‍ നിന്നും മാതാവിന്റെ തിരുനടയിലേക്ക് നീന്ത് നേര്‍ച്ച നടത്തിയത് പ്രധാന കാഴ്ചയര്‍പണമായി.