Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറിന്റെ തീരമിടിഞ്ഞു ടിപ്പര്‍ പുഴയില്‍ വീണു; ഡ്രൈവറെ രക്ഷപെടുത്തി
04/09/2023
തട്ടാവേലി-വടകര റോഡില്‍ പാറയ്ക്കല്‍ കടത്തുകടവിന് സമീപം മൂവാറ്റുപുഴയാറിന്റെ തീരമിടിഞ്ഞു ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞപ്പോള്‍.

തലയോലപ്പറമ്പ്: തീരമിടിഞ്ഞ് അപകടാവസ്ഥയിലായ റോഡിലൂടെ പോയ ടിപ്പര്‍ ലോറി പുഴയിലേക്ക് വീണു. ഡ്രൈവറെ രക്ഷപെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വെള്ളൂര്‍ പഞ്ചായത്തിലെ തട്ടാവേലി-വടകര റോഡില്‍ പാറയ്ക്കല്‍ കടത്തുകടവിന് സമീപമായിരുന്നു അപകടം. ഡ്രൈവര്‍ സിബി, രക്ഷാപ്രവര്‍ത്തനം നടത്തിയ സമീപവാസി പി.പി ഷാജി എന്നിവര്‍ക്ക് നിസ്സാര പരുക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തീരം ഇടഞ്ഞ ഭാഗത്തുകൂടി പോയ ടിപ്പര്‍ ലോറി വീണ്ടും ഇടിഞ്ഞ് പുഴയില്‍ വീഴുകയായിരുന്നു. വാഹനം പുഴയിലേക്ക് മറിയുന്ന ശബ്ദം കേട്ട് സമീപവാസിയായ പി.പി ഷാജി ഉടന്‍ പുഴയിലേക്ക് ഇറങ്ങി ക്യാബിന്റെ ചില്ല് പൊട്ടിച്ച് ഡ്രൈവറെ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
രണ്ടു വര്‍ഷം മുന്‍പ് ആറ്റുതീരം ഇടിഞ്ഞതിനെ തുടര്‍ന്നാണ് തട്ടാവേലി-വടകര തീരദേശ റോഡിന്റെ 200 മീറ്ററോളം ഭാഗം അപകടാവസ്ഥയിലായത്. കാലവര്‍ഷം ശക്തമാകുമ്പോള്‍ കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നതോടെ പ്രദേശവാസികളുടെ ആശങ്കയേറും. ഇതുവഴിയുള്ള വാഹന ഗതാഗതവും വെല്ലുവിളി നിറഞ്ഞതാണ്. പ്രദേശത്തെ വീടുകളുടെ നിലനില്‍പും വലിയ ഭീഷണിയിലാണ്. തീരമിടിച്ചില്‍ തുടര്‍ക്കഥയായതോടെ സി.കെ ആശ എം.എല്‍.എ വഴി വെള്ളൂര്‍ പഞ്ചായത്ത് അധികൃതര്‍ ഇറിഗേഷന്‍ വകുപ്പിന് നിവേദനം നല്‍കി. തുടര്‍ന്ന് തീരം കെട്ടി സംരക്ഷിക്കാനുള്ള എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും നടപടിയൊന്നുമായില്ല. പണിപൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വെള്ളൂര്‍ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിട്ടും അതും നടന്നിട്ടില്ല. പാറയ്ക്കല്‍ തട്ടാവേലി ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീരം കല്ലുകെട്ടി സംരക്ഷിച്ച് റോഡ് നിര്‍മിക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ ടോക്കണ്‍ തുക അനുവദിച്ച് പ്രഖ്യാപനം ഉണ്ടായതുമാത്രമാണ് ഇതുവരെയുണ്ടായ പുരോഗതി.
വടകര, കരിപ്പാടം നിവാസികള്‍ തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, വൈക്കം എന്നിവിടങ്ങളിലെല്ലാം പോകുന്നതിന് ഈ റോഡിനെയാണ് ആശ്രയിച്ചിരുന്നത്. ഏകദേശം 20 മീറ്റര്‍ ദൂരം റോഡിന്റെ സംരക്ഷണ ഭിത്തി ഉള്‍പ്പെടെ പകുതിയില്‍ ഏറെയും പുഴയിലേക്ക് ഇടിഞ്ഞു താണ നിലയിലാണ്. ഇവിടെ നിന്നും 50 മീറ്റര്‍ അകലെ ഏകദേശം 15 മീറ്റര്‍ ദൂരത്തിലും കരിങ്കല്‍ ഭിത്തി ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2018ല്‍ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഈ പ്രദേശത്ത് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നിലവിലുണ്ടായിരുന്ന സംരക്ഷണ ഭിത്തിക്കു മുകള്‍വശം കോണ്‍ക്രീറ്റ് ചെയ്ത് ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് സംരക്ഷണ വലയം ഒരുക്കുക മാത്രമാണ് ഉണ്ടായത്. സമീപ പ്രദേശവും ഏതു നിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. തീരം കരിങ്കല്‍കെട്ടി സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.