Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ സന്ദേശമുയര്‍ത്തി ശ്രീനാരായണ ഗുരു ജയന്തി ആഘോഷം
01/09/2023
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ ചതയദിനാഘോഷം കേന്ദ്ര  സഹമന്ത്രി വി മുരളീധരനും സംസ്ഥാന സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവനും ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ 169-ാമത് ജയന്തിയും വൈക്കം സത്യഗ്രഹ ശതാബ്ദിയും ആശ്രമം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷികവും എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വൈക്കം ആശ്രമം സ്‌കൂളില്‍ നടന്ന ജയന്തി സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.
ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് അതീവ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്ത സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയെന്ന സന്ദേശം ഗുരുദര്‍ശനങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചത്. വൈക്കം സത്യഗ്രഹം ഭാരതത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. അതിന് നിമിത്തമായത് ഗുരുവിനെ വൈക്കം ക്ഷേത്രത്തിന് സമീപത്ത് വഴി തടഞ്ഞതാണ്. ആ സംഭവമാണ് ടി.കെ മാധവനെ പ്രകോപിതനാക്കിയതും ഗാന്ധിജിയെ കണ്ട് വൈക്കം സത്യഗ്രഹത്തിന് അനുമതി തേടി സമരം നയിക്കാന്‍ അദ്ദേഹം ഇറങ്ങി പുറപ്പെട്ടതും. സാമൂഹ്യ പരിവര്‍ത്തനത്തിനായി തൂലിക പടവാളാക്കിയ മഹാകവിയാണ് ഗുരുശിഷ്യനായ കുമാരനാശാന്‍. ആശാന്റെ കാവ്യജീവിതവും വൈക്കം സത്യഗ്രഹം പോലുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമായി എന്നും വി.എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.
ആശ്രമം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കാലത്തിന് മുന്‍പേ നടന്ന വിശ്വഗുരുവാണ് ശ്രീനാരായണ ഗുരു എന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനവും ചതയദിന സന്ദേശവും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മെറിറ്റ് അവാര്‍ഡ് വിതരണം കെടിഡിസി മാനേജിങ് ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഐഎഎസും നിര്‍വഹിച്ചു. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജയന്തി സമ്മേളനത്തിന് മുന്നോടിയായി വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നഗരവീഥികളെ ജനസാഗരമാക്കി നടന്ന ചതയദിന റാലി ക്ഷേത്രനഗരിയിയെ പീത വര്‍ണമണിയിച്ചു. ഗുരുദേവന്റെ ഛായാചിത്രം റിക്ഷാ വണ്ടിയില്‍ അലങ്കരിച്ചു വെച്ചതിനു പിന്നാലെയാണ് വര്‍ണാഭമായ ഘോഷയാത്ര നീങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് യൂണിയന്‍ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങള്‍, ടാബ്ലോകള്‍, വര്‍ണകാഴ്ചകള്‍, നാടന്‍ കലാ പ്രകടനങ്ങള്‍, പഞ്ചവാദ്യം, വിവിധ സെറ്റ് വാദ്യ മേളങ്ങള്‍, തെയ്യം, കഥകളി രൂപങ്ങള്‍, മയിലാട്ടം, നിലക്കാവടികള്‍, മുത്തുകുടകള്‍, പീതവര്‍ണകൊടികള്‍ എന്നിവ ഘോഷയാത്രക്ക് പകിട്ടേകി. കച്ചേരിക്കവല, പടിഞ്ഞാറെനട, വടക്കേനട, വലിയകവല, കൊച്ചുകവല, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ബോട്ട് ജെട്ടി വഴി നീങ്ങിയ ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ ഭാരവാഹികളായ പി.വി വിവേക്, രാജേഷ് മോഹന്‍, ബിജു കൂട്ടുങ്കല്‍, ബിജു തുരുത്തുമ്മ, രമേശ് പി.ദാസ്, മധു ചെമ്മനത്തുകര, എം.എസ് രാധാകൃഷ്ണന്‍, സെന്‍ സുഗുണന്‍, എം.എസ് രാധാകൃഷ്ണന്‍, വനിതാ സമാജം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എം മനു, സെക്രട്ടറി രമേശ് ആര്‍.കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.