Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടുത്ത വേനലിന്റെയും വരള്‍ച്ചയുടെയും പിടിയില്‍ നിന്നും രക്ഷപെടുവാനുള്ള കഠിനയത്‌നത്തിലാണ് കോട്ടയം ജില്ലയിലെ വെച്ചൂര്‍, തലയാഴം കൃഷിഭവനുകള്‍ക്ക് കീഴിലുള്ള നെല്‍കര്‍ഷകര്‍
03/05/2016

കടുത്ത വേനലിന്റെയും വരള്‍ച്ചയുടെയും പിടിയില്‍ നിന്നും രക്ഷപെടുവാനുള്ള കഠിനയത്‌നത്തിലാണ് കോട്ടയം ജില്ലയിലെ വെച്ചൂര്‍, തലയാഴം കൃഷിഭവനുകള്‍ക്ക് കീഴിലുള്ള നെല്‍കര്‍ഷകര്‍. 2016-ലെ വിരുപ്പ് കൃഷിക്ക് തയ്യാറെടുക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുന്ന തദ്ദേശവകുപ്പ് ഡയറക്ടറുടെ നടപടിയില്‍ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മററി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ 12 വര്‍ഷമായി തദ്ദേശഭരണത്തിലിരിക്കുന്ന ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ അവയുടെ ബഡ്ജററു വിഹിതം ഏകോപിപ്പിച്ച് പ്രദേശത്തെ നെല്‍കര്‍ഷകര്‍ക്ക് വിരുപ്പ് കൃഷി ഇറക്കുന്നതിന് മുന്നോടിയായി സൗജന്യമായി വിത്ത് നല്‍കി പോന്നിരുന്നു. എന്നാല്‍ ഇത്തവണ വെച്ചൂര്‍, തലയാഴം പ്രദേശത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രസ്തുത തദ്ദേശ ഭരണകൂടങ്ങള്‍ അവരുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ തദ്ദേശ ഭരണ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഒരു കുടുംബത്തിലെ ആകെ അംഗങ്ങള്‍ക്ക് എത്ര ഹെക്ടര്‍ ഭൂമിയുണ്ടെങ്കിലും ആ കുടുംബത്തിലെ ഒരാള്‍ക്ക് രണ്ടര ഏക്കര്‍ കൃഷി നിലത്തിനു മാത്രമേ സൗജന്യമായി വിത്ത് നല്‍കാവൂ എന്നാണ് ഡയറക്ടറേററ് ഉത്തരവ്. ഇത് കര്‍ഷകര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഈ വിവാദ ഉത്തരവ് അടിയന്തിരമായി പിന്‍വലിച്ച് അഞ്ച് ഏക്കര്‍ വരെയുള്ള ഭൂഉടമകള്‍ക്ക് സൗജന്യമായി വിത്ത് വിതരണം നടത്തണമെന്ന് യോഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രദേശത്തെ 6000 ഏക്കറോളം വരുന്ന കൃഷിഭൂമി ഈ വര്‍ഷം തരിശിടുന്നതിന് യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. കൃഷിഭവന് കീഴിലുള്ള മുഴുവന്‍ ചെറുകിട പരിമിത കര്‍ഷകര്‍ക്കും വിസ്തീര്‍ണ്ണ പരിധി നിര്‍ബന്ധമാക്കാതെ ഏക്കറിന് 40 കിലോ വീതം വിത്ത് നല്‍കണമെന്ന് യോഗം സര്‍ക്കാരിനോടും കൃഷി ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ഇതിനായി പാടശേഖരങ്ങള്‍ മുന്‍കാലങ്ങളില്‍ നല്‍കിയിട്ടുള്ള ഏരിയാ ലിസ്റ്റിന് അനുസരിച്ച് കൈവശഭൂമിയ്ക്ക് വിത്ത് നല്‍കണമെന്നും കൈവശഭൂമിയുടെ നികുതിചീട്ടും കൈവശഭൂമിയുടെ അനുബന്ധരേഖകളും നല്‍കണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാററമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കെ.എസ്.നാരായണ അയ്യര്‍, റ്റി.കെ.ശശിധരന്‍, ബി.റെജി എന്നിവര്‍ പങ്കെടുത്തു.