Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആടിയും പാടിയും പാലാക്കരിയുടെ മനോഹാരിത നുകര്‍ന്ന് ബാക്ക് വാട്ടര്‍ ക്രൂയിസ് ബോട്ടിലെ ആദ്യസംഘം
14/08/2023
ചെമ്പ് പാലാക്കരി അക്വാ ടൂറിസം സെന്റര്‍, കെഎസ്‌ഐഎന്‍സിയുമായി സഹകരിച്ച് ആരംഭിച്ച ക്രൂയിസ് ബോട്ട് പാക്കേജിന്റെ ഭാഗമായി പാലാക്കരിയില്‍ എത്തിയ ആദ്യസംഘത്തെ ഫാം മാനേജര്‍ മെറിറ്റ് കുര്യന്റെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിക്കുന്നു.

വൈക്കം: വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ആടിയും പാടിയും ബാക്ക് വാട്ടര്‍ ക്രൂയിസ് ബോട്ടിലെ ആദ്യസംഘം മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി അക്വാ ടൂറിസം സെന്ററില്‍ എത്തി. പാലാക്കരി അക്വാ ടൂറിസം സെന്റര്‍, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച പുതിയ പാക്കേജിന്റെ ഭാഗമായി ക്രൂയിസ് ബോട്ടില്‍ പാലാക്കരിയില്‍ എത്തിയ യാത്രികരെ ഫാം മാനേജര്‍ മെറിറ്റ് കുര്യന്‍, പ്രൊജക്ട് ഓഫീസര്‍ വിശ്വലക്ഷ്മി ദേവി എന്നിവര്‍ ചേര്‍ന്ന് പൂക്കള്‍ നല്‍കി സ്വീകരിച്ചു. സംഘത്തില്‍ യാത്രക്കാരും കുട്ടികളും ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 86 പേര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 10ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നുമാണ് ആദ്യയാത്ര പുറപ്പെട്ടത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, തേവര, ഇടക്കൊച്ചി, അരൂര്‍, പാണാവള്ളി, പെരുമ്പളം, പൂത്തോട്ട വഴി ഉച്ചയ്ക്ക് 12 മണിയോടെ പാലാക്കരി അക്വാ സെന്ററില്‍ എത്തി. യാത്രയില്‍ ഉടനീളമുള്ള കായല്‍ കാഴ്ചകളുടെ വിവരണങ്ങളും ചരിത്രവും നല്‍കാന്‍ ഗൈഡും, ആടാനും പാടാനുമുള്ള അന്തരീക്ഷമൊരുക്കി ഗായകരും ക്രൂയിസിലുണ്ട്. ചായ, ചെറുകടികള്‍ എന്നിവയും ലഭ്യമാണ്. 

അക്വാസെന്ററില്‍ എത്തിയവര്‍ മീന്‍കറിയും മീന്‍വറുത്തതും കൂട്ടിയുള്ള ഉച്ചയൂണിനുശേഷം ബോട്ടിങ്ങിലും മറ്റ് അനുബന്ധ സൗകര്യങ്ങളിലും ഉപയോഗപ്പെടുത്തി, വൈകീട്ട് നാലുമണിയോടെ തിരികെ കൊച്ചയിലേക്ക് മടങ്ങി. പാക്കേജിന് ഒരാള്‍ക്ക് 999 രൂപയാണ് നിരക്ക്.
മത്സ്യഫെഡ് യൂണിറ്റില്‍ ലഭ്യമായ പെഡല്‍ ബോട്ടുകള്‍, കുട്ട വഞ്ചികള്‍, തുഴ വഞ്ചികള്‍, കയാക്കുകള്‍ എന്നിവയും പാക്കേജ് നിരക്കില്‍ തന്നെ സൗജന്യമായി ഉപയോഗിക്കാം. മോട്ടോര്‍ ബോട്ട് ഉപയോഗപ്പെടുത്തിയുള്ള ഫാം വിസിറ്റിനും വില്ലേജ് ടൂര്‍ പ്രോഗ്രാമിനും, മെനുവില്‍ പെടാത്ത അധിക മത്സ്യ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുമുള്ള തുക മത്സ്യഫെഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രകാരം അധികമായി ഉപഭോക്താക്കള്‍ നല്‍കണം. ബുക്കിങ്ങിന് 9846211143, 9744601234.