Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരതനിമയില്‍ നിറയും പുത്തരിയും ആഘോഷിച്ചു
11/08/2023
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിക്കും ആവശ്യമായ കറ്റകള്‍ മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: വിശ്വാസ പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിറയും പുത്തരിയും ആഘോഷിച്ചു. വ്യാഘ്രപാദ സങ്കേതത്തില്‍ സമര്‍പ്പിച്ച കതിര്‍ കറ്റകളില്‍ ആചാരപ്രകാരം വിശേഷാല്‍ പൂജകള്‍ നടത്തി. മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, കീഴ് ശാന്തിമാരായ എറാഞ്ചേരി ദേവനാരായണന്‍ നമ്പൂതിരി, കൊളായി അര്‍ജുന്‍ നമ്പൂതിരി, തയ്യില്‍ ശങ്കരന്‍ നമ്പൂതിരി, പാറോളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കതിര്‍ കറ്റകള്‍ ഓട്ടുരുളിയിലാക്കി മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി തലയില്‍വെച്ച് ഇടതുകൈയ്യില്‍ മണി മുഴക്കി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചപ്പോള്‍ വാദ്യമേളങ്ങള്‍ അകമ്പടിയായി. മണ്ഡപത്തില്‍ ഐശ്വര്യ ദേവതയെ ആരാധിച്ചു വിശേഷാല്‍ പൂജകള്‍ നടത്തിയ ശേഷം നിറപുത്തരി വൈക്കത്തപ്പന്റെ ശ്രീകോവിലില്‍ സമര്‍പ്പിച്ചു. ഉപദേവതമാര്‍ക്ക് സമര്‍പ്പിച്ച ശേഷം പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്തു.
നിറയും പുത്തരിയും നടക്കുന്നതിനാല്‍ ക്ഷേത്രനട പുലര്‍ച്ചെ മൂന്നിന് തുറന്ന് ഉച്ചപൂജക്ക് ശേഷം രാവിലെ എട്ടിന് നട അടച്ചു. ക്ഷേത്രത്തിലെ പ്രാതല്‍ വഴിപാടും നേരത്തെ ആക്കിയിരുന്നു. ചടങ്ങിന് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു നേതൃത്വം നല്‍കി. തൃശൂര്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന പതിനായിരം കതിര്‍ കറ്റകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ മേല്‍ശാന്തി ഉമേഷ് നമ്പൂതിരി, വടക്കേനട കൃഷ്ണന്‍ കോവിലില്‍ സുരേഷ് ആര്‍ പോറ്റി, വെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തന്ത്രി ദിനേശന്‍ നമ്പൂതിരി, തെക്കേനട കണ്ണന്‍കളങ്ങര ശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി രാഗേഷ് കണ്ണന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നിറയും പുത്തരിയും ചടങ്ങുകള്‍ നടന്നു.