Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിറയും പുത്തരിയും ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി
09/08/2023
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിക്കുള്ള കതിര്‍കറ്റകള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്നു.

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിറയും പുത്തരിയും വ്യാഴാഴ്ച ആചാരപരമായ ചടങ്ങുകളോടെ ആഘോഷിക്കും. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ 5.45നും 6.15നും ഇടയിലാണ് ചടങ്ങ്. ക്ഷേത്രത്തിന്റെ കിഴക്കേ ആനപ്പന്തലില്‍ ദേവസ്വം അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണുവിന്റെ നേതൃത്വത്തിലാണ് കതിര്‍കറ്റകള്‍ ആലില, മാവില എന്നിവയോടൊപ്പം ചേര്‍ത്ത് ഒരുക്കിയത്. നിറയും പുത്തരിയും നടക്കുന്നതിനാല്‍ ക്ഷേത്രനട പുലര്‍ച്ചെ മൂന്നിന് തുറക്കുന്നതും പ്രഭാത ശ്രീബലിക്കു ശേഷം രാവിലെ എട്ടിന് അടക്കും. ക്ഷേത്രത്തിലെ പ്രാതല്‍ വഴിപാടും നേരത്തെയാക്കും. ഏകദേശം 10,000 കതിര്‍കറ്റകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഭക്തര്‍ക്ക് ഒരു കറ്റക്ക് പതിനഞ്ച് രൂപ നല്‍കി വാങ്ങാവുന്നതാണ്. തൃശൂര്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തില്‍ കതിര്‍ കറ്റകള്‍ എത്തിച്ചത്. കതിര്‍ കുലകളോടപ്പം പൂജിക്കാന്‍ ഇല്ലി, നെല്ലി, ചൂണ്ട , കടലാടി, മാവ്, ആല്‍, പ്ലാവ് ഇലത്തി, വെള്ളിപ്പാല, കരിക്കൊടി എന്നിങ്ങനെ 10 തരം ഇലകളും ഉണ്ട്.
ഒരുക്കിയെടുത്ത കതിര്‍ കറ്റകള്‍ വ്യാഘ്രപാദത്തറയിലെത്തിച്ച് ആചാരപ്രകാരം പൂജിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന് സമര്‍പ്പിക്കും. ഉപദേവതമാര്‍ക്ക് സമര്‍പ്പിച്ച ശേഷമാണ് കറ്റകള്‍ ഭക്തര്‍ക്ക് നല്‍കുക. ക്ഷേത്രങ്ങളില്‍ പുത്തരി കൊണ്ടുള്ള നിവേദ്യവും പതിവാണ്.
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ മേല്‍ശാന്തി ആഴാട് ഉമേഷ് നമ്പൂതിരി, വടക്കേനട കൃഷ്ണന്‍ കോവിലില്‍ മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി, മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി, കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തന്ത്രി മനയത്താറ്റ് ദിനേശന്‍ നമ്പൂതിരി, തെക്കേനട കണ്ണന്‍കുളങ്ങര ശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി രാഗേഷ് കണ്ണന്‍ എന്നിവര്‍ നിറയും പുത്തരിയും ചടങ്ങിന് കാര്‍മികത്വം വഹിക്കും.