Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു
07/08/2023

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. വെള്ളൂര്‍ ചെറുകര പാലത്തിന് സമീപം ഞായറാഴ്ച രാവിലെ 11നായിരുന്നു അപകടം. അരയന്‍കാവ് മുണ്ടയ്ക്കല്‍ ജോണ്‍സണ്‍ (56) സഹോദരന്‍ ജോബി മത്തായിയുടെ മകന്‍ മുണ്ടയ്ക്കല്‍ ജിസ് മോന്‍ (15), സഹോദരി സുനിയുടെ മകള്‍ വരിക്കാംകുന്ന് പൂച്ചനാട്ടില്‍ അലോഷി (16) എന്നിവരാണ് മരിച്ചത്.
ഇറ്റലിയില്‍നിന്ന് നാട്ടിലെത്തിയ ഏഴ് പേരടങ്ങുന്ന കുടുംബം പുഴയില്‍ കുളിക്കാനായി എത്തിയതായിരുന്നു. കാല്‍ വഴുതി പുഴയില്‍ വീണ ജിസ്‌മോളെ രക്ഷിക്കാന്‍ ജോണ്‍സണും പിന്നാലെ അലോഷിയും പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പുഴയിലുണ്ടായിരുന്ന ജോബി മത്തായി (46), ഭാര്യ സൗമ്യ (43), മുണ്ടയ്ക്കല്‍ മിനി(35), പൂച്ചക്കാട്ടില്‍ സാബുവിന്റെ ഭാര്യ സുനി (51), എന്നിവരെ കരയ്ക്ക് കയറ്റിയത്. കടുത്തുരുത്തിയില്‍ നിന്നും പിറവത്തു നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അലോഷിയും, ജിസ് മോളും പഠനത്തിനായി ചൊവ്വാഴ്ച യു.കെയിലേക്ക് പോകാനിരിക്കെയാണ് ഇരുവരെയും മരണം കവര്‍ന്നെടുത്തത്. അപകട സ്ഥലത്തും പൊതി ആശുപത്രിയിലും എം.എല്‍.എമാരായ സി.കെ.ആശ, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും, മറ്റ് ജനപ്രതിനിധികളും വന്‍ ജനാവലിയും എത്തിയിരുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഇറ്റലിയില്‍ നിന്നെത്തിയ ശേഷമായിരിക്കും സംസ്‌കാരം.