Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തന്തൈ പെരിയോര്‍ സ്മാരക നവീകരണം നവംബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി ഇ.വി വേലു
03/08/2023
വൈക്കം വലിയകവലയിലെ തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ സ്മാരക പുനരുദ്ധാരണ ജോലികള്‍ തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലുവിന്റെ നേതൃത്വത്തില്‍ വിലയിരുത്തുന്നു.

വൈക്കം: തമിഴ് നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയകവലയിലെ തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ സ്മാരക നവീകരണം നവംബര്‍ 30നകം പൂര്‍ത്തീകരിക്കുമെന്ന് തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലു. പെരിയോര്‍ സ്മാരകത്തിലെ നിര്‍മാണജോലികള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി മുതല്‍ മുടക്കിയാണ് സ്മാരകം നവീകരിക്കുന്നത്. പെരിയോറുടെ ജീവചരിത്രവും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. താഴത്തെ നിലയില്‍ മ്യൂസിയവും മുകളിലത്തെ നിലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമാകും പ്രവര്‍ത്തിക്കുക. രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്കു മുന്നിലായി വലിയ കവാടം നിര്‍മിക്കും. ഓപ്പണ്‍ സ്റ്റേജിന് മുകളില്‍ റൂഫ് ചെയ്യും. ഇതിനു സമീപത്ത് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ലൈബ്രറി പ്രവര്‍ത്തിക്കും. കുട്ടികള്‍ക്കായി പാര്‍ക്കും അതോടൊപ്പം ഉദ്യാനവും ഒരുക്കും. പെരിയോറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും നവീകരിക്കുന്ന സ്മാരകത്തില്‍ സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ചീഫ് എഞ്ചിനീയര്‍ എസ്.കാശിലിംഗം, ഓഫീസര്‍ സ്പെഷ്യല്‍ ഡ്യൂട്ടി വിശ്വനാഥന്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ സത്യവാഗീശ്വരന്‍, ലെയ്സണ്‍ ഓഫീസര്‍ ആര്‍.ഉണ്ണികൃഷ്ണന്‍, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ കെ.ആര്‍ മുരുകേശന്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ചാണ് മന്ത്രി മടങ്ങിയത്. മ്യൂസിയത്തിലെത്തിയ മന്ത്രിയെ നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം, മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വൈക്കത്ത് കേരള സര്‍ക്കാര്‍ നല്‍കിയ 84 സെന്റ് സ്ഥലത്താണ് തമിഴ് നാട് സര്‍ക്കാര്‍ തന്തൈ പെരിയോര്‍ സ്മാരകം നിര്‍മിച്ചത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പെരിയോര്‍ സ്മാരകം പുനരുദ്ധരിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ പണം അനുവദിച്ചത്.