Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂരില്‍ മൂവാറ്റുപുഴയാറിന്റെ തീരമിടിഞ്ഞു; കള്ളുഷാപ്പും ആക്രികടയും ആറ്റില്‍ പതിച്ചു
24/07/2023
വെള്ളൂരില്‍ മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞു കള്ളുഷാപ്പും ആക്രികടയും പുഴയില്‍ പതിച്ച നിലയില്‍.

വൈക്കം: വെള്ളൂരില്‍ മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞു കള്ളുഷാപ്പും ആക്രികടയും വെള്ളത്തില്‍ പതിച്ചു. വെള്ളൂര്‍ റെയില്‍വേ പാലത്തിനു സമീപമാണ് തീരമിടിഞ്ഞ് പുഴയിലേക്ക് പതിച്ചത്. സമീപത്തെ വീടും മറ്റ് കെട്ടിടങ്ങളും അപകടഭീഷണിയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് വലിയ ശബ്ദത്തോടെ തീരമിടിഞ്ഞ് കള്ളുഷാപ്പിന്റെ പകുതിയും ആക്രികട പൂര്‍ണമായും പുഴയില്‍ വീണത്. ഷാപ്പില്‍ സൂക്ഷിച്ചിരുന്ന കള്ളും മേശയും ബെഞ്ചും, അടുക്കളയിലെ ഉപകരണങ്ങളും വെള്ളത്തിലായി. ഷാപ്പിന്റെ മറ്റു മുറിയിലുണ്ടായിരുന്ന ജീവനക്കാര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടി. 
വെള്ളൂര്‍ പുലിയപ്പുറം ഷാഹുല്‍ ഹമീദിന്റേതാണ് ആക്രിക്കട. കടയിലുണ്ടായിരുന്ന ആക്രിസാധനങ്ങളെല്ലാം പുഴയില്‍ പതിച്ചു. കടയോട് ചേര്‍ന്ന് തന്നെയാണ് ഷാഹുല്‍ ഹമീദിന്റെ ഉമ്മയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. വീട് അപകടഭീഷണിയിലായതോടെ കുടുംബം ബന്ധുവീട്ടിലേക്ക് മാറി. തീരത്തിന്റെ ഏകദേശം 50 മീറ്റര്‍ ദൂരം ഇടിഞ്ഞിട്ടുണ്ട്. മേല്‍പാലത്തിന് സമീപത്തായതിനാല്‍ റെയില്‍വേ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ പ്രത്യേക സുരക്ഷാ ഗാര്‍ഡിനെയും നിയമിച്ചു. റെയില്‍വേ പാലത്തിന് നിലവില്‍ അപകടഭീഷണിയില്ലെങ്കിലും വീണ്ടും തീരം ഇടിഞ്ഞാല്‍ വേഗം കുറച്ചു പോകാന്‍ നിര്‍ദേശം നല്‍കുമെന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. റെയില്‍വേ, വെള്ളൂര്‍ പഞ്ചായത്ത് അധികൃതര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.