Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പില്‍ വസ്ത്രവ്യാപാര സ്ഥാപനം അഗ്നിബാധയില്‍ കത്തിനശിച്ചു; 20 ലക്ഷത്തിന്റെ നഷ്ടം
24/07/2023
തലയോലപ്പറമ്പ് ടൗണില്‍ വസ്ത്ര വ്യാപാര തയ്യല്‍ സ്ഥാപനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെഉണ്ടായ തീപിടുത്തത്തില്‍ അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം.

തലയോലപ്പറമ്പ്: ടൗണില്‍ വസ്ത്ര വ്യാപാര തയ്യല്‍ സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. തലയോലപ്പറമ്പ് പുളിവേലി ജോണ്‍സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പുല്ലംപറമ്പില്‍ ബിന്ദു ഷെന്‍സിയുടെ ഫാബ്‌സ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച
പുലര്‍ച്ചെ 1.30ന് തീപിടുത്തം ഉണ്ടായത്. സ്ഥാപനം പൂര്‍ണമായും അഗ്‌നിയ്ക്ക് ഇരയായി. കടയില്‍ സ്റ്റോക്ക് ചെയ്തിരുന്ന തുണിത്തരങ്ങളും ജനറേറ്ററും തയ്യല്‍ മെഷീനുകളും ഇലക്ട്രിക് ഉപകരണങ്ങളും, സമീപത്തുണ്ടായിരുന്ന ഒരു കാറും കത്തി നശിച്ചു. കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓണത്തിന് കച്ചവടം നടത്തുന്നതിനായി സ്റ്റോക്ക് ചെയ്തിരുന്ന തുണിത്തരങ്ങള്‍ ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. വൈക്കം, കടുത്തുരുത്തി അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്നും നാല് യൂണിറ്റ് എത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. അഗ്‌നിരക്ഷാ  സേനയുടെ സമയോചിതമായ പ്രവര്‍ത്തനം മൂലം സമീപത്തുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങളിലും എടിഎമ്മിലേക്കും തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. വൈക്കം ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാര്‍, കടുത്തുരുത്തി അസി. സ്റ്റേഷന്‍ ഓഫീസര്‍ എം.എസ് ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.