Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണ മാസാചരണത്തിന് തുടക്കമായി
18/07/2023
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ക്കിടകം പിറന്നതോടെ വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഒരു മാസക്കാലം നീളുന്ന രാമായണ മാസാചരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. പുഷ്പമ്മ വാതശ്ശേരിത്തറയുടെ നേതൃത്വത്തിലാണ് എല്ലാ ദിവസവും രാവിലെയും വൈകിട്ടും പാരായണം നടത്തുന്നത്. മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, ഹരി നമ്പൂതിരി, പൊന്നമ്പലത്തില്ലത്ത് അനിയന്‍ നമ്പൂതിരി, ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, ബാലചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.  
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ ഒരു മാസക്കാലം നീളുന്ന രാമായണ തത്ത്വസമീക്ഷയ്ക്ക് തുടക്കമയി. യൂണിയന്‍ പ്രസിഡന്റ് പിജിഎം നായര്‍ കാരിക്കോട്  ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ മാനവരാശി നേരിടുന്ന സമസ്തമാനസിക പ്രശ്നങ്ങള്‍ക്കുമുള്ള ഏറ്റവും ഫലപ്രദമായ സിദ്ധൗഷധമാണ് രാമായണ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍, ആചാര്യന്മാരായ എന്‍.പി വിശ്വംഭരന്‍ നായര്‍, ഉഷാ അനില്‍കുമാര്‍ എന്നിവര്‍ പരായണത്തിന് നേതൃത്വം നല്‍കി. സി.പി നാരായണന്‍ നായര്‍, അയ്യേരി സോമന്‍, പി.എന്‍ രാധാകൃഷ്ണന്‍, എന്‍ മധു, പി.എസ് വേണുഗോപാല്‍, എസ് ജയപ്രകാശ്, മീരാ മോഹന്‍ദാസ്, പ്രൊഫ എം.കെ കൃഷ്ണകുമാര്‍, ജഗദീശ് തേവലപ്പറമ്പില്‍, ജി സുരേഷ് ബാബു, പി.ഡി രാധാകൃഷ്ണന്‍, ശ്രീകല ഞീഴൂര്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, കെ അജിത്, ബി ശശിധരന്‍, സുരേഷ് കുമാര്‍, എസ്.വി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനു ഭക്തിനിര്‍ഭരമായ തുടക്കമായി. മഠാധിപതി രാമചന്ദ്രസ്വാമികള്‍ ദീപം തെളിയിച്ചു. ഓഗസ്റ്റ് 16നു സമാപിക്കും. ദിവസവും ബാലസുബ്രഹ്‌മണ്യന്‍ പിള്ളയുടെ നേതൃത്വത്തില്‍ രാമായണ പാരായണം, ഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടക്കും. ഓഗസ്റ്റ് 13നു സര്‍വ വിദ്യാ പ്രദായക ആഞ്ജനേയ പൂജ നടത്തും. ക്ഷേത്രം മേല്‍ശാന്തി പ്രവീഷ് ശാന്തി കാര്‍മികനാകും. കാര്യസിദ്ധി വഴിപാടായ കുങ്കുമത്തോടെ ഉടയാട സമര്‍പ്പണം, മഞ്ഞപ്പട്ട് സമര്‍പ്പണം, ശ്രീരാമ സഹസ്രനാമ പുഷ്പാഞ്ജലി എന്നിവ അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍.ഡി രാജു, കെ.വി ജനാര്‍ദനന്‍ പിള്ള, പി.കെ രാജന്‍ എന്നിവര്‍ അറിയിച്ചു.
കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം, ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രം, വല്ലകം അരിക്കുളങ്ങര സ്വയംഭൂ ദുര്‍ഗാ ദേവി ക്ഷേത്രം, ഉദയനാപുരം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ വേദാന്ത പാഠശാല, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, ചാലപ്പറമ്പ് കാര്‍ത്യാകുളങ്ങര ധര്‍മശാസ്താ ക്ഷേത്രം, മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രം, പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ചെമ്മനത്തുകര കല്‍പകശ്ശേരി ക്ഷേത്രം, മുരിയന്‍കുളങ്ങര വണിക വൈശ്യ സംഘം 27-ാം നമ്പര്‍ ശാഖയുടെ മുത്താരമ്മന്‍ കോവില്‍, തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചാരണത്തിന് തുടക്കമായി.