Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയോടെ മൂത്തേടത്തുകാവില്‍ നടതുറപ്പ് ഉത്സവം
18/07/2023
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍.

വൈക്കം:  നിറദീപങ്ങള്‍ ഭക്തിയേകിയ ശ്രീകോവിലില്‍ സര്‍വവിധ അലങ്കാരങ്ങളോടെ ഒരുക്കിയ മൂത്തേടത്തുകാവ്  ഭഗവതിയുടെ മംഗളരൂപം കണ്ട് ആയിരങ്ങള്‍ നടതുറപ്പ് ഉത്സവം തൊഴുതു. തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു മുത്തേടത്തുകാവ് ക്ഷേത്രത്തിലെ നടത്തുറപ്പ് ഉത്സവം. വിഷു ദിവസം അര്‍ധരാത്രി അരിയേറിനുശേഷം നടയടച്ചിടുന്ന ഇവിടെ കര്‍ക്കിടകം ഒന്നിന് നട തുറക്കുന്ന ആചാരമാണ്. തിങ്കളാഴ്ച പുലര്‍ച്ച നാലിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി നടതുറപ്പ് ഉത്സവത്തിന്റെ ചടങ്ങുകള്‍ നടത്തി. മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, ബാലചന്ദ്രന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, പൊന്നമ്പലത്തില്ലത്ത് അനിയന്‍ നമ്പൂതിരി, കണ്ണികുളത്ത് വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായിരുന്നു. കുടിയിരുത്ത് പുണ്യാഹം, ഗണപതി ഹോമം, തോറ്റംപാട്ട്, ഭഗവതി സേവ, വൈകിട്ട് തെക്കുപുറത്ത് ഗുരുതി, വലിയ തീയാട്ട് എന്നിവയും നടത്തി.