Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണിപ്പൂരില്‍ നടപ്പാക്കുന്നത് ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയം: ബിനോയ് വിശ്വം എംപി
12/07/2023
കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന പി.കെ വാസുദേവന്‍ നായര്‍, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍ എന്നിവരുടെ ചരമവാര്‍ഷിക അനുസ്മരണം ചെമ്പില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ഗീയ ഭ്രാന്തിന് തീപിടിച്ച അവസ്ഥയാണ് മണിപ്പൂരിലേത് എന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. കേരളത്തിലെ സിപിഐ നേതാക്കളും ജനപ്രതിനിധികളും ആയിരുന്ന പി.കെ വാസുദേവന്‍ നായര്‍, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം ചെമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനങ്ങളുടെ അവസ്ഥ ദുരിതപൂര്‍ണമാണ്. മെയ്ത്തികളുടെയും കുക്കികളുടെയും വോട്ട് നേടി വിജയിച്ചശേഷം രണ്ടു വിഭാഗത്തെയും തമ്മില്‍ തല്ലിപ്പിക്കുകയാണ് ബിജെപി. രണ്ടു മാസത്തിലേറെയായി മണിപ്പൂര്‍ കത്തുന്നുണ്ടെങ്കിലും പ്രധാനമന്ത്രി മൗനം തുടരുകയാണ്. ഇത് രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ പരാജയമാണ്. മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാമെന്ന യുഎസ് അംബാസഡറുടെ നിര്‍ദേശം പുതിയ മാറ്റമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ പേരില്‍ അമേരിക്ക ഇടപെട്ടിടത്തെല്ലാം കാര്യങ്ങള്‍ സങ്കീര്‍ണമാണ്. കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സര്‍ക്കാരുകള്‍ അമേരിക്കയ്ക്ക് രാഷ്ട്രീയം കളിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ചവരാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ നേട്ടങ്ങളെ മാത്രമല്ല കുറവുകളെ കൂടി തിരിച്ചറിയാന്‍ കഴിയുന്നവരാകണം. അത്തരം സ്വയം വിമര്‍ശനങ്ങളേ പാര്‍ട്ടിക്ക് കരുത്ത് പകരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിന്റെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എവിടെയും സഹായിച്ചിട്ടില്ല. ഒന്നിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. പാര്‍ട്ടിയിലെ ഭിന്നിപ്പ് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ബാധിച്ചു. ഗുണപ്പെട്ടത് ശത്രുക്കള്‍ക്കാണ്. അതുകൊണ്ടാണ് ഭിന്നിച്ചുനില്‍ക്കുന്നതിനുപകരം തത്വാധിഷ്ഠിതമായി ഒന്നാകണമെന്ന് സിപിഐ പറയുന്നത്. ആ ശരിയുടെ രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നവീകരിച്ച സിപിഐ ചെമ്പ് ലോക്കല്‍ കമ്മിറ്റി ഓഫീസായ എം.കെ കേശവന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന എക്സി. അംഗം സി.കെ ശശിധരനും, സി.കെ വിശ്വനാഥന്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനുവും നിര്‍വഹിച്ചു. മുതിര്‍ന്ന നേതാവ് എം.എസ് രാമകൃഷ്ണന്‍ പതാക ഉയര്‍ത്തി.
ചെമ്പ് എസ്.എന്‍ എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐ തലയോലപ്പറമ്പ് മണ്ഡലം അസി. സെക്രട്ടറി കെ.എസ് രത്നാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍,ലീനമ്മ ഉദയകുമാര്‍, ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, കെ അജിത്ത്, മണ്ഡലം സെക്രട്ടറിമാരായ സാബു പി മണലൊടി, എം.ഡി ബാബുരാജ്, സി.കെ ആശ എംഎല്‍എ, കെ വേണുഗോപാല്‍, പി.എസ് പുഷ്പമണി, എം.കെ ശീമോന്‍, വി.കെ ശശിധരന്‍, കെ.എം അബ്ദുല്‍ സലാം, കെ.ആര്‍ ഷിബു എന്നിവര്‍ പ്രസംഗിച്ചു.