Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത മഴയില്‍ മട വീണു കൃഷി നശിച്ചു
07/07/2023
തലയോലപ്പറമ്പ് പഞ്ചായത്തിലെ പൊന്നുരുക്കുംപാറ പാടശേഖരത്തില്‍ മട വീണ് 124 ഏക്കര്‍ നെല്‍കൃഷി നശിച്ച നിലയില്‍.

തലയോലപ്പറമ്പ്: ശക്തമായ മഴയില്‍ മടവീണ് 124 ഏക്കറിലെ നെല്‍കൃഷി നശിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തിലെ പൊന്നുരുക്കുംപാറ പാടശേഖരത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. രണ്ടാഴ്ച മുമ്പ് കൃഷിയിറക്കിയ പാടത്തെ നെല്‍ചെടികള്‍ക്ക് ഒന്നാം വളമിടുന്നതിനുള്ള ഒരുക്കങ്ങള്‍ കര്‍ഷകര്‍ നടത്തുന്നതിനിടെയാണ് വെള്ളം കയറി നശിച്ചത്. കൃഷി ഇറക്കാതെ കിടക്കുന്ന നടുക്കരി പാടശേഖരവുമായി പൊന്നുരുക്കുംപാറ പാടശേഖരത്തെ ബന്ധിപ്പിക്കുന്ന ഡിവൈഡിങ് ബണ്ട് തകര്‍ന്ന് കരിയാറില്‍ നിന്നുള്ള വെള്ളം പാടശേഖരത്തിലേക്ക് ഇരച്ചു കയറിയതിനെ തുടര്‍ന്നാണ് നെല്‍കൃഷി നശിച്ചത്.
ഏക്കറിന് 20,000ത്തോളം രൂപ ഇതിനോടകം കൃഷിക്ക് ചെലവ് വന്നതായി കര്‍ഷകരായ ബൈജു അറുപതില്‍, രഘുവരന്‍ എന്നിവര്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കരിയാറില്‍ നിന്നും വെള്ളം കയറിയതിനെ തുടര്‍ന്ന് വടക്കേ പുതുശ്ശേരി, നടുക്കരി, പൊന്നുരുക്കുംപാറ പാടശേഖരത്തിന് സമീപമുള്ള 360ഓളം വീടുകളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടായി.