Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത മഴയില്‍ മൂവാറ്റുപുഴയാറിലേക്ക് റോഡ് ഇടിഞ്ഞു; തലയാഴത്ത് കൃഷി നാശം
05/07/2023
തലയാഴം പഞ്ചായത്തിലെ വരമ്പിനകം പാടശേഖരത്തില്‍ മടവീണ് കൃഷി നശിച്ച നിലയില്‍.
 
വൈക്കം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കനത്ത മഴയില്‍ വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. തോരാതെ പെയ്ത മഴയിലും കാറ്റിലും വെച്ചൂര്‍ പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഇടയാഴം പാമ്പാടശേരില്‍ വീട്ടില്‍ സതീശന്റെ വീടാണ് തകര്‍ന്നത്. വീട്ടുപകരണങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന രേഖകളും നശിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വീടിനുള്ളില്‍ ഉണ്ടായിരുന്ന സതീശനും, ഭാര്യ മണിയും ചെത്തുതൊഴിലാളിയായ മകന്‍ ശരത്തും കൂട്ടുകാരും വന്നപ്പോള്‍ വീടിന് വെളിയിലേക്ക് ഇറങ്ങിവന്നു അവരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു വീട് തകര്‍ന്നു വീണത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട് തകര്‍ന്നതോടെ സമീപവാസിയായ സത്യന്റെ വീട്ടിലേക്കു താത്കാലികമായി കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.
തോട്ടുവക്കത്ത് മരം വീണ് സൈക്കിള്‍ യാത്രക്കാരന് പരുക്കേറ്റു. വടക്കേ ചെമ്മനത്തുകര മുല്ലമംഗലത്ത് സോമന്‍ (70) ആണ് പരുക്കേറ്റത്. ചുണ്ടിനും മൂക്കിനും പരുക്കേറ്റ സോമനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു അപകടം. തയ്യല്‍ തൊഴിലാളിയായ സോമന്‍ വീട്ടില്‍ നിന്നും കടയിലേക്ക് വരുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞ് സോമന്റെ ദേഹത്ത് വീഴുകയായിരുന്നു.
കനത്ത മഴയില്‍ ഉദയനാപുരം പഞ്ചായത്തിലെ മനക്കല്‍ കലുങ്ക്-ചിറപ്പുറം റോഡില്‍ വൈക്കപ്രയാര്‍ മാളിയേക്കല്‍ ഭാഗത്ത് റോഡും, സംരക്ഷണ ഭിത്തിയും മൂവാറ്റുപുയാറിലേക്ക് ഇടിഞ്ഞു താഴ്ന്നു. റോഡിന്റെ 60 മീറ്ററിലധികം ദൂരം ഏതു നിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. തീരം ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും ഭാഗികമായി നിലച്ചു. റോഡ് സൈഡില്‍ പുഴയോരത്ത് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകട ഭീഷണിയിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയെതുടര്‍ന്ന് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നതും ഒഴുക്കിന്റെ ശക്തി വര്‍ധിച്ചതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തലയാഴം പഞ്ചായത്തിലെ വരമ്പിനകം പാടശേഖരത്തില്‍ മടവീണ് ഇരുപത് ഏക്കറിലെ കൃഷി നശിച്ചു. അഞ്ചു ദിവസം മുന്‍പ് വിതച്ച വിത, പെട്ടിയും പറയും, മോട്ടോര്‍പുര, പറക്കുഴി എന്നിവയെല്ലാം നഷ്ടപ്പെട്ടു. ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.