Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ്ക്കള്‍ കൂട് തകര്‍ത്ത് ആടുകളെ കടിച്ചു കൊന്നു
27/06/2023
തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത ആടുകള്‍ക്ക് സമീപം തോട്ടകം ചെറുതാക്കല്‍ ജി പൗലോസും ഭാര്യ സിജിയും.

വൈക്കം: ആട്ടിന്‍കൂട് തകര്‍ത്ത് അകത്തു കയറിയ തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു. തോട്ടകം ചെറുതാക്കല്‍ ജി പൗലോസിന്റെ ആറു മാസം പ്രായമുള്ള മൂന്നു ആട്ടിന്‍കുട്ടികളെയാണ് കൊന്നത്. തിങ്കളാഴ്ച രാവിലെ പൗലോസിന്റെ ഭാര്യ ആടുകളെ പറത്തിറക്കാനായി കൂടിനടുത്തെത്തിയപ്പോഴാണ് ആടുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. മൂന്നു ആടുകളില്‍ ഒരെണ്ണത്തെ പൂര്‍ണമായും തിന്നിരുന്നു. ഒരാഴ്ച മുമ്പ് മൂന്നു വയസ് പ്രായമായ പെണ്ണാടിനെ നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. വര്‍ഷങ്ങളായി പശുക്കളെയും ആടുകളെയും വളര്‍ത്തി വരുന്ന പൗലോസിന് മുട്ടക്കോഴി വളര്‍ത്തലുമുണ്ട്. നാലു ആടുകളും ചത്തതോടെ ആട്ടിന്‍ കൂട് ശൂന്യമായി. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതിനാല്‍ മുട്ടക്കോഴി വളര്‍ത്തലും അവസാനിപ്പിക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. ഒരു വര്‍ഷം മുമ്പ് മൂന്ന് മുട്ടനാടുകളെ നായ്ക്കള്‍ കൊന്നതോടെ ആടു വളര്‍ത്തല്‍ നിര്‍ത്തിയിരുന്നെങ്കിലും ഭാര്യ സിജിയുടെ നിര്‍ബന്ധത്താല്‍ ആടുകളെ ആറുമാസം മുമ്പ് വീണ്ടും വാങ്ങുകയായിരുന്നെന്ന് പൗലോസ് പറഞ്ഞു.
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി വളപ്പിലും തെരുവുനായ്ക്കളുടെ ശല്യമേറിയിട്ടുണ്ട്. പള്ളി വളപ്പിലിടുന്ന ചെരുപ്പുകള്‍, മാറ്റുകള്‍ എന്നിവ നശിപ്പിക്കുന്നതും പതിവാവുകയാണ്. തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ടെറീഷിന്റെ ഏതാനും ആടുകളെയും മാസങ്ങള്‍ക്ക് മുന്‍പ് തെരുവുനായ്ക്കള്‍ കൊന്നിരുന്നു. തലയാഴത്ത് പുന്നപ്പുഴി ഭാഗത്ത് നാലു മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ധന കുടുംബങ്ങള്‍ വളര്‍ത്തിയിരുന്ന ആടുകളെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. നിര്‍ധന കുടുംബങ്ങള്‍ക്ക് അധിക വരുമാനം നേടാന്‍ പഞ്ചായത്ത് നല്‍കിയ ആടുകളും ചത്തതില്‍ ഉള്‍പ്പെട്ടിരുന്നു.