Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വള്ളം മുങ്ങി മരിച്ച ശരത്തിനും ഇവാനും നാടിന്റെ അന്ത്യാഞ്ജലി
23/06/2023
കരിയറില്‍ വള്ളം മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച നാലു വയസ്സുകാരന്‍ ഇവാന്റെ വീട്ടിലെത്തിയ മന്ത്രി വി.എന്‍ വാസവന്‍ ഇവാന്റെ അച്ഛന്‍ കെ.ദീപേഷിനെ ആശ്വസിപ്പിക്കുന്നു.

വൈക്കം: ചെട്ടിമംഗലത്ത് വളളം മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച യുവാവിനും നാലു വയസ്സുകാരനും നാടിന്റെ അന്ത്യാഞ്ജലി. ഉദയനാപുരം ചെട്ടിമംഗലം പുത്തന്‍തറ ശരത് (33) സഹോദരി ശാരിയുടെ മകന്‍ ഇവാന്‍ (4) എന്നിവര്‍ക്കാണ് നാട് കണ്ണീരോടെ വിട ചൊല്ലിയത്. വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ചെട്ടിമംഗലത്തെ ശരത്തിന്റെ വീട്ടുവളപ്പില്‍ ഉച്ചകഴിഞ്ഞ് സംസ്‌കരിച്ചു. ഇവാനെ അടക്കുകയാണ് ചെയ്തത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങളാണ് ചെട്ടിമംഗലത്തെ വീട്ടിലേക്ക് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ എത്തിയത്. മന്ത്രി വി.എന്‍ വാസവന്‍, തോമസ് ചാഴിക്കാടന്‍ എംപി, സി.കെ ആശ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി തുടങ്ങി നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെ തലയാഴം പഞ്ചായത്തില്‍ ചെട്ടിക്കരിയ്ക്ക് സമീപം കരിയാറിലായിരുന്നു അപകടം. ശരത്തിന്റെ മുത്തശ്ശന്‍ മാധവന്റെ മരണ വിവരമറിഞ്ഞ് ശരത്തും ശരത്തിന്റെ അച്ഛന്‍ ശശി, അമ്മ അംബി, സഹോദരി ശാരി, ശാരിയുടെ മക്കളായ ഇതിക, ഇവാന്‍ എന്നിവര്‍ എഞ്ചിന്‍ ഘടിപ്പിച്ച ചെറുവള്ളത്തില്‍ ചെട്ടിമംഗലത്തുനിന്നും മാധവന്റെ ചെട്ടിക്കരിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
മുങ്ങിയ വള്ളത്തില്‍ പിടിച്ചുകിടന്ന ശശിയെയും അംബിയെയും ശാരിയെയും നാട്ടുകാര്‍ കരക്കെത്തിച്ചു. മുങ്ങിത്താഴ്ന്ന ഇതികയെ ശരത്ത് രക്ഷിച്ച് മറ്റൊരു വള്ളത്തില്‍ കയറ്റി. ഇവാനെ ശരത്ത് രക്ഷപ്പെടുത്തി കരയിലേക്ക് നീന്തുന്നതിനിടെ കൈവിട്ടുപോയി. ഇതോടെ ശരത്തും പുഴയില്‍ മുങ്ങി താഴുകയായിരുന്നു.