Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതീക്ഷകള്‍ക്ക് ചിറകേകി മൂലേകടവ് പാലം നിര്‍മാണം പുരോഗമിക്കുന്നു
17/06/2023
ചെമ്പ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലേകടവ് പാലത്തിന്റെ നിര്‍മാണ പുരോഗതി സി.കെ ആശ എംഎല്‍എ വിലയിരുത്തുന്നു.

തലയോലപ്പറമ്പ്: സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള മൂലേകടവ്പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാലവുമായി ബന്ധപ്പെട്ട പൈലിങ്ങില്‍ ഇതുവരെ 16 എണ്ണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ കിഫ്ബിയില്‍പെടുത്തി നിര്‍മിക്കുന്ന പാലത്തിന് 21.10 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 209.10 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും 21 ബീമുകളിലായി 30 മീറ്ററിന്റെ ഏഴു സ്പാനുകളോടു കൂടിയാണ് പാലം നിര്‍മിക്കുന്നത്. കെ.ടി മാത്യു ആന്റ് കമ്പനിയാണ് 18.88 കോടി രൂപക്ക് പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ പാലത്തിന്റെ നിര്‍മാണ കാലാവധി 20 മാസമാണ്. വാളംപള്ളി ഭാഗത്ത് 75 മീറ്ററും ഏനാദി ഭാഗത്ത് 65 മീറ്ററുമുള്ള അപ്രോച്ച് റോഡുകളും സര്‍വീസ് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.കെ ആശ എംഎല്‍എ പറഞ്ഞു. ഇതിനായി ചെമ്പ്, കുലശേഖരമംഗലം വില്ലേജുകളിലായി 1.08 ഏക്കര്‍ വസ്തുവാണ് ഏറ്റെടുക്കുന്നത്.
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഏനാദി, ബ്രഹ്‌മമംഗലം നിവാസികളായ ആയിരക്കണക്കിനാളുകളുടെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിനും യാത്രാദുരിതത്തിനുമാണ് പാലം നിര്‍മാണത്തോടെ അന്ത്യം കുറിക്കുന്നത്. നിലവില്‍ ചെമ്പ് പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം ചുറ്റിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി വൈക്കത്തേക്ക് എത്തുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും. നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.