Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നോക്കുകുത്തിയായി റേഷന്‍ കടകള്‍
14/06/2023

വൈക്കം: സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകേണ്ട റേഷന്‍ സംവിധാനം അവതാളത്തിലായിട്ട് നാളുകളേറെയായി. സര്‍വറുകള്‍ പണിമുടക്കിയത് പരിഹരിച്ചു എന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴും റേഷന്‍ കടകളില്‍ എത്തുന്നവര്‍ക്ക് നിരാശരായി മടങ്ങാനേ നിവൃത്തിയുള്ളൂ. ബയോമെട്രിക് മെഷീനില്‍ വിരലയടയാളം പതിച്ചാലും ഫലമൊന്നുമില്ല. ഈ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ രണ്ടാമത്തെ സാധ്യത എന്ന നിലയില്‍ ഒ.ടി.പി സംവിധാനവും ഉപയോഗിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് സംവിധാനം തകരാറിലാവുന്നതാണ് ഇ പോസ് സംവിധാനത്തെ ബാധിക്കുന്നത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ പകരമായി ഉപയോഗപ്പെടുത്തേണ്ട ഒടിപി സിസ്റ്റവും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. മൊത്തത്തില്‍ രണ്ടു സംവിധാനങ്ങളും പ്രായോഗികമല്ലാതാവുന്നതും റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിക്കുന്നതുമാണ് നിലവിലെ അവസ്ഥ.
ഉപജീവനത്തിന് അന്നന്ന് തൊഴിലിനുപോകേണ്ട സാധാരണക്കാര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. സാങ്കേതിക തകരാര്‍ കാരണം ദിവസത്തിന്റെ മുക്കാല്‍ഭാഗവും ഉപഭോക്താക്കളും വിതരണക്കാരും റേഷന്‍കടയുടെ മുന്നില്‍ വെറുതെ നില്‍ക്കുകയാണ്. വറുതിക്കാലമായി മഴക്കാലമെത്തിയിട്ടും ഗതികേടിലായ പൊതുവിതരണ സംവിധാനത്തിനുമുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ് പൊതുജനം.