Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികളുമായി സംവദിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍
13/06/2023
വൈക്കം കാതവറ സെന്റ് സേവ്യേഴ്സ് കോളേജില്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടത്തിയ ശില്‍പശാലയുടെ ഭാഗമായി ചെയര്‍മാന്‍ എസ് സോമനാഥ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നു.

വൈക്കം: തലയാഴം എന്ന കാര്‍ഷിക ഗ്രാമത്തിന്റെ ഉള്‍പ്രദേശത്ത് കുട്ടികളുമായി ശാസ്ത്ര വിഷയങ്ങളില്‍ സംവദിക്കാന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് എത്തിയത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ കൗതുകവും ആവേശവുമായി. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച എം.പിമാര്‍ക്കുള്ള സന്‍സദ് ആദര്‍ശ് ഗ്രാമീണ്‍ യോജന (സാഗി) പദ്ധതിയിലേക്ക് ബിനോയ് വിശ്വം എം.പി നിര്‍ദേശിച്ച തലയാഴം ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ ഭാഗമായി 12ന് ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ എത്തിയത്. വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ് അങ്കണത്തില്‍ ശാസ്ത്ര വിഷയത്തില്‍ അഭിരുചിയുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് 'ശൂന്യാകാശത്തിന്റെ അതിരുകള്‍ തേടി' എന്ന പേരില്‍ ശില്‍പശാലയും എക്‌സിബിഷനും സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 110 കുട്ടികളുമായി അദ്ദേഹം സംവദിച്ചു. പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്നുള്ളത് സവിശേഷമായ ഒന്നാണ് എന്ന ധാരണ ശരിയല്ല. ഒന്നാം സ്ഥാനത്തിനുമാത്രമായ പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നല്ല കരിയര്‍ ഗൈഡന്‍സ് നല്‍കാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും തയ്യാറാകണം. ഐഎസ്ആര്‍ഒ അടക്കം നിരവധി സ്ഥാപനങ്ങളില്‍ ഉന്നത പഠനത്തിന് അവസരങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. അവരുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കണം. അല്ലാതെ മാര്‍ക്ക് വാങ്ങിക്കൂട്ടുക മാത്രമല്ല കാര്യം എന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ വിദേശപഠനം വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വാഭാവികമായ ഒന്നാണ് എമിഗ്രേഷന്‍ എന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് കൂട്ടിച്ചേര്‍ത്തു. കൊതവറ കോളേജ് അങ്കണത്തില്‍ എത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാനെയും ബിനോയ് വിശ്വം എംപിയെയും എന്‍സിസി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വരവേറ്റത്. സി.കെ ആശ എംഎല്‍എ സ്‌പേസ് എക്‌സിബിഷന്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലയാഴം ഗ്രാമപഞ്ചായത്ത് മികച്ച രീതിയിലാണ് ശില്‍പശാലയും എക്സിബിഷനും സംഘടിപ്പിച്ചത്. വിഎസ്എസ്സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ലക്ഷ്മി പ്രസാദം, കോളേജ് പ്രിന്‍സിപ്പാള്‍ ജിന്‍സണ്‍ ഡി.പറമ്പില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എ.സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ജിഇഒ വൈ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.