Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലം മാറി; വൈക്കം ബോയ്സ് സ്‌കൂളില്‍ പ്രവേശനത്തിന് പെണ്‍കുട്ടികളും എത്തി
02/06/2023
വൈക്കം തെക്കേനട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പഠിക്കാനായി പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍.

വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം അധ്യയനത്തിന് പെണ്‍കുട്ടികള്‍ എത്തി. ശതാബ്ദി പിന്നിട്ട സ്‌കൂളില്‍ രണ്ടു പതിറ്റാണ്ടിന് മുമ്പ് പ്ലസ് ടു ആരംഭിച്ചപ്പോഴാണ് ആദ്യമായി പെണ്‍കുട്ടികള്‍ എത്തിയത്. അധികം വൈകാതെ വീണ്ടും സ്‌കൂള്‍ ആണ്‍കുട്ടികളുടെ മാത്രമായി. സര്‍ക്കാര്‍ സംസ്ഥാനത്ത് ഏതാനും ബോയ്‌സ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചതിനൊപ്പം വൈക്കം ഗവ. ബോയ്‌സിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ സ്‌കൂള്‍ തെക്കേനട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി. അഞ്ചു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ നവാഗതരായി 30 പെണ്‍കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയത്. കഴിഞ്ഞ തവണ 280 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 310 കുട്ടികളുണ്ട്. ഇതില്‍ 110 പേര്‍ പുതുതായി പ്രവേശനം നേടിയവരാണ്.
സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ സ്‌കൂളാണ് വൈക്കം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പുതിയ ഹൈടെക് ക്ലാസ് മുറികള്‍, ആധുനിക സംവിധാനത്തോടുകൂടിയ സയന്‍സ് ലാബുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക ശുചിമുറികള്‍, വിശാലമായ ഡൈനിങ് ഹാളോടുകൂടിയ അടുക്കള, വിശാലമായ കളിസ്ഥലം ഇവയെല്ലാം നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്. തകഴി, ബഷീര്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍ തുടങ്ങി നിരവധി പ്രതിഭാധനരുടെ മാതൃവിദ്യാലയമായിരുന്ന വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ അനവധി ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.