Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവം ആഘോഷമാക്കി സ്‌കൂളുകള്‍; അധ്യയന വര്‍ഷത്തിനു തുടക്കം
01/06/2023
കോട്ടയം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌കൂളില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കളിച്ചും ചിരിച്ചും പുത്തനുടുപ്പും ബാഗുകളുമായി കുരുന്നുകള്‍ സ്‌കൂളുകളിലേക്കെത്തിതോടെ പ്രവേശനോത്സവം ആഘോഷമാക്കി ജില്ലയിലെ സ്‌കൂളുകള്‍. വര്‍ണാഭമായ പ്രവേശനോത്സവ പരിപാടികളാണ് വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിച്ചത്. മധുരം വിളമ്പിയും നവാഗതര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും കലാ-സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയും സ്‌കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റു. കോട്ടയം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൂട്ടാനിരുന്ന 2500ഓളം വിദ്യാലയങ്ങള്‍ ഇന്ന് വിദ്യാര്‍ഥികളാല്‍ സമ്പന്നമാണ്. പത്തു ലക്ഷത്തോളം കുട്ടികള്‍ സ്വകാര്യവിദ്യാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ചേര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കരുതലോടെ ഇടപെട്ടു. പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും സമയോചിതമായ വിതരണം ചെയ്തു. കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ പശ്ചാത്തല സൗകര്യവും ഒരുക്കി അടുക്കും ചിട്ടയോടും കൂടി വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മോഡല്‍ ഇന്‍ക്ലുസീവ് സ്‌കൂളിന്റെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പി.എ വിപഞ്ചികയ്ക്ക് ഡയറി നല്‍കി പ്രകാശനം ചെയ്തു. എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഐഷ റീജന്‍ എന്ന വിദ്യാര്‍ഥിയും ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തു. കവിതകള്‍ ചൊല്ലി കൃതി ആരുടേതെന്ന ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ഥികളുടെ വായന അളന്നാണ് മന്ത്രി മടങ്ങിയത്. വായനയുടെ പ്രാധാന്യവും വായന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ടി.എസ് ശരത്ത്, ഹൈമി ബോബി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഞ്ജു ഉണ്ണികൃഷ്ണന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ്, ഗ്രാമപഞ്ചായത്ത് അംഗം ഷിജി വിന്‍സന്റ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ ഗിരിജ, കോട്ടയം വി.എച്ച്.എസ്.ഇ അഡീ. ഡയറക്ടര്‍ ലിസി ജോസഫ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ മിനി ബെഞ്ചമിന്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി ജയശങ്കര്‍, പി രഞ്ജിത്ത്, വൈക്കം എഇഒ എ.ആര്‍ സുനിമോള്‍, വൈക്കം ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ഡി മമിത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ശ്രീലത, തലയോലപ്പറമ്പ് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍ ബിന്ദു, പിടിഎ പ്രസിഡന്റ് എം.എസ് തിരുമേനി, എസ്എംസി ചെയര്‍മാന്‍ ആന്റണി കളമ്പുകാടന്‍, പിടിഎ വൈസ് പ്രസിഡന്റ് ടി.എസ് താജു, സ്വാഗതസംഘം കണ്‍വീനര്‍ സി മായാദേവി എന്നിവര്‍ പങ്കെടുത്തു.