Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം പാലം നിര്‍മാണം പുരോഗമിക്കുന്നു; പ്രതീക്ഷയോടെ നാട്
25/05/2023
ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലത്തിന്റെ നിര്‍മാണ പുരോഗതി സി.കെ ആശ എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നു.

വൈക്കം: കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയുള്ള ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. 15.48 കോടി രൂപ ചെലവഴിച്ച് 14.91 മീറ്റര്‍ നീളത്തില്‍ 15 ബീമുകളിലായി അഞ്ചു സ്പാനുകളോടുകൂടിയാണ് പാലം നിര്‍മിക്കുന്നത്.  
അതിവേഗത്തിലാണ് പാലവുമായി ബന്ധപ്പെട്ട പൈലിങ് നടത്തിയത്. തുടര്‍ന്നുള്ള ബീമിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡിനായി 29.77 സെന്റ് വസ്തുവാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 14ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. 18 മാസമാണ്  നിര്‍മാണ കാലാവധി. പൂനം ഗ്രാഹ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍സ് ആണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്.  
ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കല്‍, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെയാണ് അക്കരപ്പാടം പാലം നിര്‍മിക്കുന്നത്. അക്കരപ്പാടത്തേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിയ്ക്ക് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. പുറംലോകവുമായി ബന്ധപ്പെടുന്നതിന് നാനാടത്ത് എത്താന്‍ കടത്തുവള്ളത്തെ പ്രധാനമായും ആശ്രയിക്കുന്ന അക്കരപ്പാടം നിവാസികള്‍ക്ക് റോഡുമാര്‍ഗം പോകണമെങ്കില്‍ ചെമ്മനാകരിയിലൂടെ ഏഴുകിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം. പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതോടെ ദീര്‍ഘകാലമായുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും. സമയബന്ധിതമായി തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.