Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹം ചാതുര്‍വര്‍ണ്യ ജീര്‍ണതകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനം: മുഖ്യമന്ത്രി
22/05/2023
കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ബീച്ച് മൈതാനിയില്‍ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി വാര്‍ഷിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യ അവകാശവും സ്വാതന്ത്ര്യവും ആരും സ്വര്‍ണ തളികയില്‍ തന്നതല്ല. നാം അത് യാതനാപൂര്‍വമായ സമരങ്ങളിലൂടെ നേടിയതാണ്. ആ ചരിത്രം നമ്മള്‍ ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സ്മൃതികള്‍ ഉണര്‍ത്തുന്ന സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം. ഇന്‍ഡ്യാ ചരിത്രത്തില്‍ തന്നെ വേറിട്ടുനില്‍ക്കുന്ന ഈ സമരത്തിന്റെ ശതാബ്ദി വര്‍ഷമാണിത്. ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണതകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു വൈക്കം സത്യഗ്രഹം. ആട്ടി ഓടിക്കപ്പെട്ട ദുരാചാരങ്ങള്‍ തിരിച്ചുകൊണ്ടവരാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ശക്തമായ പ്രതിരോധ കൂട്ടായ്മകള്‍ ഉണ്ടാകണം. എങ്കിലേ നവോത്ഥാനത്തിന്റെ നേട്ടങ്ങളെ നമുക്ക് നിലനിര്‍ത്താനാകൂ. കെപിഎംഎസ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്ന ആഹ്ലാദകരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.  
വൈക്കം കായലോര ബീച്ച് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ രമേശ് അധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹത്തിലെ പുലയ പങ്കാളിത്തം ആ സമരത്തിന് ഉള്‍പുളകമുണ്ടാക്കുന്ന ഓര്‍മയാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പുലം എന്നാല്‍ മണ്ണാണ്. പുലയര്‍ എന്നാല്‍ മണ്ണിന്റെ ഉടമസ്ഥരും. കൃഷിയുടെ സകലതും പഠിച്ച് മണ്ണില്‍ അധ്വാനത്തെ പ്രയോഗിച്ച് ജനതയെ തീറ്റിപ്പോറ്റിയത് പിന്നോക്ക-ദലിത് ജനതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം എന്നിവര്‍ പ്രസംഗിച്ചു. രാവിലെ വൈക്കം സത്യഗ്രഹ സമരസേനാനി ആമചാടി തേവന്റെ സ്മൃതിമണ്ഡപത്തില്‍നിന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്മൃതയാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.