Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയം: നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു
16/05/2023
വൈക്കം താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ കോണ്‍ക്രീറ്റിങ് ജോലികള്‍ പുരോഗമിക്കുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. നാലു നിലകളിലായി 1.20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു ബ്ലോക്കുകളായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം ബ്ലോക്കിന്റെ ആദ്യ നിലയുടെ കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കി രണ്ട് ബ്ലോക്കുകളുടെ കോണ്‍ക്രീറ്റിങ് പുരോഗമിച്ചു വരുകയാണ്.
ആശുപത്രി വികസനത്തിനായി 86 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഇതില്‍ 65 കോടി രൂപ കെട്ടിട നിര്‍മാണത്തിനും ബാക്കി തുക ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും മറ്റുമാണ് വിനിയോഗിക്കുക. 70 മീറ്റര്‍ നീളത്തിലും 35 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന നാലു നിലകളുള്ള കെട്ടിട സമുച്ചയത്തിന്റ വിസ്തൃതി. 54 മീറ്റര്‍ ആഴത്തില്‍ ആകെ 223 പൈലുകളാണ് കെട്ടിട സമുച്ചതയത്തിനായി സ്ഥാപിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഇ.ജെ കണ്‍സ്ട്രക്ഷന്‍സാണ് കരാര്‍ ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുന്നത്. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെയും ഹാബിറ്റാറ്റിന്റെയും സംയുക്ത മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
വേമ്പനാട്ട് കായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യമുള്ള അമ്മയും കുഞ്ഞും ആശുപത്രി താലൂക്ക് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. പലയിടങ്ങളിലായി ചിതറിക്കിടന്ന ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിട സമുച്ചയത്തിന്റ നിര്‍മാണം ആരംഭിച്ചത്. ബഹുനില മന്ദിരത്തിന്റെ നിര്‍മാണം തീരുന്ന മുറയ്ക്ക് നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റും. അതോടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും പ്രവര്‍ത്തനം ആരംഭിക്കും. ആശുപത്രി കെട്ടിട സമുച്ചയം പൂര്‍ത്തിയാകുന്നതോടെ വൈക്കത്തെ നിര്‍ധനര്‍ക്ക് മികച്ച ചികിത്സ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈക്കത്തിന്റെ  സ്വപ്ന പദ്ധതിയായ താലൂക്ക് ആശുപത്രിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.