Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വവിദ്യാര്‍ഥികളുടെ സ്‌നേഹകൂട്ടായ്മയില്‍ സഹപാഠിയ്ക്ക് വീട് സ്വന്തം
14/05/2023
ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സഹപാഠിയായ മിനി കാര്‍ത്തികേയന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ചെയര്‍മാന്‍ ശിവദാസ് നാരായണന്‍ മിനിയ്ക്ക് കൈമാറുന്നു.

വൈക്കം: സഹപാഠികളുടെ  സ്‌നേഹകൂട്ടായ്മയില്‍ തീര്‍ത്ത വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ വാസയോഗ്യമായ ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തിലായിരുന്നു മിനി കാര്‍ത്തികേയന്‍.  പ്രീ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അരൂക്കുറ്റി നതുവനത്ത് കായിപ്പുറത്ത് മിനി കാര്‍ത്തികേയന്‍. സ്വന്തമായ വീടോ സ്ഥലമോ ഇല്ലാതെ വിഷമിച്ച മിനി കാര്‍ത്തികേയന് ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ 1986-88 വര്‍ഷത്തെ സഹപാഠികളായ പ്രീ ഡിഗ്രി വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് വീടും സ്ഥലവും ഒരുക്കിയത്. നിര്‍ധന ജീവിത സാഹചര്യത്തില്‍ ജീവിച്ച മിനിയുടെ പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് കാര്‍ത്തികേയന്‍ ഹൃദയസ്തംഭനം മൂലം മരിച്ചതോടെ ജീവിതം ക്ലേശകരമായിരുന്നു. നാല് തൂണില്‍ പടുത കെട്ടി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു മിനിയുടെയും രണ്ട് കുട്ടികളുടെയും ജീവിതം. കുടുംബവിഹിതമായി കിട്ടിയ ഒന്നര സെന്റ് നാല് മാസം മുന്‍പ് കലാലയം ഗ്രൂപ്പ് പ്രമാണം നടത്തിയതോടെയാണ് മിനിയ്ക്ക് സ്ഥലം സ്വന്തമായത്. അവിടെയാണ് സഹപാഠി കൂട്ടായ്മ നാലരലക്ഷത്തോളം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ ഇന്നലെ രാവിലെ സഹപാഠികളുടെ കൂട്ടായ്മയില്‍ മിനിയ്ക്ക് കൈമാറി. പൂര്‍വ വിദ്യാര്‍ഥികളുടെ 'ഒരുവട്ടം കൂടി' ഒത്തുചേര്‍ന്ന പരിപാടിയില്‍ താക്കോല്‍ദാന ചടങ്ങ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ചെയര്‍മാന്‍ ശിവദാസ് നാരായണന്‍ നിര്‍വഹിച്ചു. സമ്മേളനം അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ അഷറഫ് ഉദ്ഘാടനം ചെയ്തു. ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. എക്‌സി. അംഗങ്ങളായ ബിജു കണ്ണേഴത്ത്, രശ്മി, മുന്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍, കണ്‍വീനര്‍ എ.സലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടത്തി.