Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ സഹപാഠിക്ക് വീടൊരുങ്ങി
12/05/2023
ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലെ പ്രീ ഡിഗ്രി പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സഹപാഠിയ്ക്ക് നിര്‍മിച്ചു നല്‍കിയ വീട്.

വൈക്കം: നിര്‍ധന സാഹചര്യത്തിലായ സഹപാഠിക്ക് വീടൊരുക്കി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ. ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ 1986-88 വര്‍ഷത്തെ പ്രീ ഡിഗ്രി വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലാണ് സഹപാഠിയായ അരൂക്കുറ്റി നതുവനത്ത് കായിപ്പുറത്ത് മിനി കാര്‍ത്തികേയന് സ്നേഹവീട് എന്ന പേരില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. ശനിയാഴ്ച രാവിലെ 11ന് പുതിയ വീടിന്റെ താക്കോല്‍ മിനിയ്ക്ക് കൈമാറും. വിവാഹിതയായി കുടുംബജീവിതം നയിച്ച മിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ പത്ത് വര്‍ഷം മുന്‍പ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതിനെ തുടര്‍ന്നുള്ള ജീവിതം ബുദ്ധിമുട്ടിലായി. ഹോട്ടല്‍ ജോലി ചെയ്തു കുടുംബം പോറ്റിയ മിനിയും കുട്ടികളും അന്തിയുറങ്ങാന്‍ വാസയോഗ്യമായ വീടില്ലാതെ വിഷമത്തിലായിരുന്നു. കുടുംബവിഹിതമായി കിട്ടിയ ഒന്നര സെന്റ് സ്ഥലം പ്രമാണം നടത്തി സ്വന്തമാക്കാനും തടസ്സമായി. നാല് മാസം മുന്‍പ് കലാലയം ഗ്രൂപ്പ് പതിനായിരം രൂപ ചിലവില്‍ പ്രമാണം നടത്തിയതോടെയാണ് മിനിയ്ക്ക് സ്ഥലം സ്വന്തമായത്. അവിടെയാണ് 400 ചതുരശ്രഅടിയില്‍ 4.22 ലക്ഷം രൂപ ചിലവഴിച്ച് കലാലയം ഗ്രൂപ്പ് വീട് നിര്‍മിച്ചത്. അടച്ചുറപ്പില്ലാത്ത സ്ഥലത്ത് പടുതയുടെ കീഴില്‍ അന്തിയുറങ്ങിയ മിനിയ്ക്കും കുട്ടികള്‍ക്കും ഇനി യോഗ്യമായ വീട്ടില്‍ അന്തിയുറങ്ങാം.
ശനിയാഴ്ച്ച രാവിലെ ഒറ്റപുന്നയില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ കലാലയം ഗ്രൂപ്പ് ചെയര്‍മാന്‍ ശിവദാസ് നാരായണന്‍ വീടിന്റെ താക്കോല്‍ മിനിയ്ക്ക് കൈമാറും. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി.എ അഷറഫ് ഉദ്ഘാടനം ചെയ്യും. 35വര്‍ഷം മുന്‍പ് കലാലയം വിട്ട കൂട്ടുകാര്‍ ഇവിടെ വീണ്ടും ഒത്തുചേരും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടന്‍, പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ഭാരവാഹി ബിജു കണ്ണേഴത്ത് എന്നിവര്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ മെഡല്‍ നേടിയ തൃശൂര്‍ ഡി.വൈ.എസ്.പി എന്‍.കെ രാജീവിനെ ചടങ്ങില്‍ ആദരിക്കും.