Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തില്‍ പതിവ് ധാരണകളെ തിരുത്തിക്കുറിച്ച വികസനമുന്നേറ്റം: പി സന്തോഷ് കുമാര്‍
10/05/2023
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു വൈക്കം കച്ചേരിക്കവലയില്‍ നടന്ന പൊതുസമ്മേളനം സിപിഐ ദേശീയ എക്‌സി. അംഗം പി സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എല്ലാ പതിവ് രാഷ്ട്രീയ ധാരണകളെയും മാറ്റിമറിച്ചുകൊണ്ടാണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത്. കമ്മ്യൂണിസ്റ്റുകാരുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള തെറ്റായ ധാരണകളെയെല്ലാം ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തിക്കുറിച്ചുവെന്ന് സിപിഐ ദേശീയ എക്‌സി. അംഗം പി സന്തോഷ് കുമാര്‍ എംപി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളുടെ രാഷ്ട്രീയം പോലും നോക്കാതെയാണ് സര്‍ക്കാര്‍ എല്ലാ പ്രദേശങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഭാവനാസമ്പന്നമായ പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലടക്കം നടപ്പിലാക്കിയത്. കേരളത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെല്ലാം മാറ്റിയെഴുതപ്പെട്ടുവെന്നും പി സന്തോഷ് കുമാര്‍ പറഞ്ഞു.
വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. മൂന്നു കാലത്തിനും ഒരുപോലെ ഭീഷണിയായ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ മിത്തുകളെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തെറ്റായ ചരിത്രം ഉണ്ടാക്കുകയാണ്. ഇത് രാജ്യത്തിന്റെ ഭരണഘടനക്ക് തന്നെ വെല്ലുവിളിയാണ്. ഇതിനെതിരെ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന, അതിവിപുലമായി സാമൂഹ്യവല്‍കരിക്കപ്പെട്ട നാടാണ് കേരളം. എന്നാല്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാര്‍ ശ്രമം. അതിനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെയുള്ള രാഷ്ട്രീയ ഉത്തരമാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരെന്നും പി സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കച്ചേരിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, തോമസ് ചാഴികാടന്‍ എംപി, സി.കെ ആശ എംഎല്‍എ, കെ അനില്‍കുമാര്‍, ജോണ്‍ വി ജോസഫ്, സുഭാഷ് പുഞ്ചക്കോട്ടില്‍, എബ്രഹാം പഴയകടവന്‍, എം.ടി കുര്യന്‍, ഫിറോസ് മാവുങ്കല്‍, സിറിയക് പാലാക്കാരന്‍, ഔസേപ്പച്ചന്‍ ഓടക്കല്‍, ഹസന്‍കുഞ്ഞ്, കെ.എസ് മാഹിന്‍, എം.കെ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.