Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ജെ പോള്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ഗ്രന്ഥശാല മന്ദിരം ഉയര്‍ന്നു
09/05/2023
ചെമ്പ് ചുമ്മാരുപറമ്പില്‍ കെ.ജെ പോള്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മിച്ച കുലശേഖരമംഗലം ഗ്രന്ഥശാല മന്ദിരം സാംസ്‌കാരിക സമിതി രക്ഷാധികാരികൂടിയായ കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് ചുമ്മാരുപറമ്പില്‍ കെ.ജെ പോള്‍ സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തില്‍ കുലശേഖരമംഗലം ഗ്രന്ഥശാലയുടെയും സാംസ്‌കാരിക സമിതിയുടെയും പ്രവര്‍ത്തത്തിന് ഇടമായി. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുകയറ്റുക എന്ന ലക്ഷ്യമാണ് കെ.ജെ പോള്‍ കണ്ടത്. കുലശേഖരമംഗലം അത്തം സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ളതാണ് ഔദ്യോഗിക രജിസ്ട്രേഷനുള്ള ഗ്രന്ഥശാല. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിന് യോഗ്യമായ കെട്ടിടമോ സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രദേശവാസികളും നാല്‍പ്പതോളം യുവാക്കളും ചേര്‍ന്ന് കെട്ടിട നിര്‍മാണത്തെകുറിച്ച് ചിന്തിച്ചത്. പക്ഷെ കെട്ടിടത്തിന് സ്ഥലവും നിര്‍മാണത്തിനുള്ള തുകയും കണ്ടെത്തുകയെന്നത് സംഘാടകരെ വിഷമത്തിലാക്കി. ഈ സാഹചര്യത്തിലാണ് ചുമ്മാരുപറമ്പില്‍ കെ.ജെ പോള്‍ ഗ്രന്ഥശാല സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം കൈമാറിയത്. സൗജന്യമായി സ്ഥലം നല്‍കിയതോടൊപ്പം കെട്ടിട നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയായി. മറവന്‍തുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മത്തുങ്കല്‍ റോഡിനോട് ചേര്‍ന്നുള്ള കരിപ്പായില്‍ കുന്നുവേലി റോഡരികിലാണ് ഗ്രന്ഥശാല മന്ദിരം നിര്‍മിച്ചത്. ഇവിടെ ഇനി നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വായനയുടെ വേദിയായി മാറും. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തോടൊപ്പം കലാ കായിക സാംസ്‌കാരിക മേഖലയ്ക്കും ഊന്നല്‍ നല്‍കാനാണ് സംഘാടകരുടെ ലക്ഷ്യം. ഗ്രന്ഥശാലയുടെ ഉദ്ഘാടനം അത്തം സാംസ്‌കാരിക സമിതി രക്ഷാധികാരികൂടിയായ കെ.ജെ പോളും മന്ദിര ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമയും നിര്‍വഹിച്ചു. സാംസ്‌കാരിക സമിതി പ്രസിഡന്റ് അസ്ഹര്‍ഷ, സെക്രട്ടറി സൂരജ്, ട്രഷറര്‍ ജിതിന്‍ കരിപ്പായില്‍, വാര്‍ഡ് മെമ്പര്‍ മോഹനന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.യു വാവ, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഗോപി, ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കലാപരിപാടികളും സംഘടിപ്പിച്ചു.