Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്ടല്‍കാടുകള്‍ നശിപ്പിച്ച് കായല്‍ കയ്യേറ്റം; വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി
28/04/2023
തലയാഴം പഞ്ചായത്തിലെ കൊതവറയില്‍ സ്വകാര്യവ്യക്തി കായല്‍ കയ്യേറി മണ്ണിട്ടു നികത്തിയ നിലയില്‍.

വൈക്കം: വേമ്പനാട്ട് കായലിന്റെ തീരത്തെ കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ച് സ്വകാര്യവ്യക്തി കായല്‍ കയ്യേറി മണ്ണിട്ടു നികത്തിയ സ്ഥലം ഇറിഗേഷന്‍, ഫോറസ്റ്റ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ കണ്ടല്‍കാടുകള്‍ വ്യാപകമായി നശിപ്പിച്ചതായി കണ്ടെത്തി. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് തീരം കരിങ്കല്‍ ഭിത്തി കെട്ടി തിരിച്ചിരിക്കന്നത്. സ്ഥലം സന്ദര്‍ശിച്ചതിന്റെ റിപ്പോര്‍ട്ട് എക്‌സി. എഞ്ചിനീയര്‍, അസി. എക്‌സി. എഞ്ചിനീയര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. കണ്ടല്‍ക്കാടുകള്‍ നിന്നിരുന്നതു സര്‍ക്കാര്‍ സ്ഥലത്താണോ സ്വകാര്യ സ്ഥലത്താണോ എന്നറിയാന്‍ തലയാഴം വില്ലേജ് ഓഫീസര്‍ക്ക് കത്തു നല്‍കും. റിപ്പോര്‍ട്ട് തയ്യാറാക്കി സോഷ്യല്‍ ഫോറസ്റ്ററി ഡിഎഫ്ഒയ്ക്ക് സമര്‍പ്പിച്ച് തുടര്‍നടപടി സ്വീകരിക്കും.
തലയാഴം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിനു കിഴക്കു ഭാഗത്താണ് 200 മീറ്ററിലധികം വരുന്ന സ്ഥലം റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയെ അവഗണിച്ചു നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 70 സെന്റോളം സ്ഥലമാണു നികത്തിയത്. വൈക്കം നടുവിലെ വില്ലേജ് കിഴക്കുംചേരി വടക്കേമുറിയില്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടേതാണ് സ്ഥലം. രണ്ടേക്കറിനു മുകളില്‍ സ്ഥലത്തിന് സ്വകാര്യവ്യക്തി കരം അടയ്ക്കുന്നുണ്ട്. ഈ സ്ഥലം നിയമപ്രകാരം ലഭിച്ചതാണൊ, കായല്‍ കയ്യേറ്റം നടത്തിയിട്ടുണ്ടോ എന്നു വിശദമായി പരിശോധിക്കും.
വൈക്കം തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍, എല്‍ആര്‍ തഹസില്‍ദാര്‍ പി സജി, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ദീഷ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍, തലയാഴം പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ പ്രസിഡന്റ് കെ.എസ് രത്‌നാകരനും സെക്രട്ടറി ഡി ബാബുവും ആവശ്യപ്പെട്ടു.