Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം; യുഡിഎഫ് ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിട്ടി ഓഫീസ് ഉപരോധിച്ചു
20/04/2023
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി അസി. എഞ്ചിനീയര്‍ ഓഫീസ് ഉപരോധിക്കുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പോള്‍ തോമസിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി അസി. എഞ്ചിനീയര്‍ ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. മിക്കയിടത്തും ആഴ്ചയില്‍ ഒരു ദിവസം മണിക്കൂറുകള്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇതുമൂലം വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ളം മാത്രം ആശ്രയിക്കുന്നവര്‍ വലയുകയാണ്. വെള്ളം ലഭിക്കാത്തതിനെ കുറിച്ച് വാട്ടര്‍ അതോറിട്ടി ഓഫീസില്‍ ബന്ധപ്പെട്ടാല്‍ അവ്യക്തമായ മറുപടിയാണ് ലഭിക്കുന്നത്. ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഉപരോധ സമരത്തില്‍ മെമ്പര്‍മാരായ ബിന്ദു പ്രദീപ്, കെ.എസ് ബിജുമോന്‍, ഗീത ദിനേശന്‍, വി.ആര്‍ അനിരുദ്ധന്‍, മോഹനന്‍ കെ.തോട്ടുപുറം, മജിത ലാല്‍ജി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. ആഴ്ചയില്‍ രണ്ടു ദിവസം കുടിവെള്ളം നല്‍കുമെന്നും പൊട്ടിക്കിടക്കുന്ന പൈപ്പ് ലൈന്‍ അതിവേഗം ഒട്ടിക്കുമെന്നും, പകല്‍സമയം വെള്ളം ലഭ്യമാക്കുമെന്നും, കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിട്ടി നേരിട്ടു ടാങ്കറില്‍ വെള്ളം എത്തിക്കുമെന്നും അസി. എക്‌സി. എഞ്ചിനീയര്‍ ഉറപ്പുനല്‍കിയതായി മെമ്പര്‍മാര്‍ അറിയിച്ചു. ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ തുടര്‍ന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പോള്‍ തോമസ് അറിയിച്ചു.