Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രം ഇനി ക്യാമറ നിരീക്ഷണത്തില്‍
16/04/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രം ഇനി ക്യാമറാ നിരീക്ഷണത്തില്‍. 31 സിസി ടിവി ക്യാമറകളാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. താമസിയാതെ ആറു ക്യാമറകള്‍ കൂടി സ്ഥാപിക്കും. അഞ്ചു ക്യാമറകള്‍ റൊട്ടേറ്റ് ചെയ്യുന്നവയാണ്. കിഴക്കേ ഗോപുരം, അഷ്ടമി പന്തല്‍, സ്റ്റേജ് പന്തല്‍, ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗം, സ്ട്രോങ് റൂമിനു സമീപം എന്നിവിടങ്ങളിലാണ് റൊട്ടേറ്റ് ചെയ്യുന്ന ക്യാമറ.
സോപാനം, ബലിക്കല്‍ പുര, നാലു ഗോപുരനടകള്‍, കൊടിമര ചുവട്, കലവറ, ഊട്ടുപുര, പനച്ചില്‍ നട, വ്യാഘ്രപാദത്തറ തുടങ്ങിയ പ്രധാന ഭാഗങ്ങളിലും ക്യാമറ സ്ഥാപിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഓഫീസാണ്  കണ്‍ട്രോള്‍ റൂം. തിരുവനന്തപുരം എലൈറ്റ് നെറ്റ് വര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ സിസി ടിവി ക്യാമറ ദേവസ്വം ബോര്‍ഡ് ആസ്ഥാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം ഗ്യാരന്റിയുള്ള ക്യാമറയില്‍ ശേഖരിച്ച വിവരങ്ങള്‍ ഒരു മാസം വരെ കാണാന്‍ കഴിയും.  
വൈക്കം ക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി ടി.വി ക്യാമറയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ നിര്‍വഹിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ  വഴിപാട് കൗണ്ടര്‍ അടുത്ത മാസത്തോടെ കമ്പ്യൂട്ടര്‍വല്‍കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി അനില്‍ കുമാര്‍, ദേവസ്വം ഇലക്ട്രിക്കല്‍ എക്‌സി. എഞ്ചിനീയര്‍ രാജേഷ് മോഹന്‍ അസി. എഞ്ചിനീയര്‍ ഇ.എസ് ശൈലി, ഓവര്‍സീയര്‍ ജയരാജ്, ബി.ഐ പ്രദീപ് കുമാര്‍, എ ബാബു, എസ് ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.