Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭിന്നതയില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ കഴിയണം: സി.രാധാകൃഷ്ണന്‍
14/04/2023
യുവകലാസാഹിതി യുഎഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം എഴുത്തുകാരന്‍ സി രാധാകൃഷ്ണന് സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ നല്‍കുന്നു.

വൈക്കം: സമൂഹത്തില്‍ പുതിയ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് കാഴ്ചപ്പാടുകളിലെ വൈരുധ്യത്തിന് കുറ്റപ്പെടുത്തലുകളല്ല, സ്‌നേഹപൂര്‍വമുള്ള ചേര്‍ത്തുപിടിക്കലാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍. യുവകലാസാഹിതി യുഎഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തണമെങ്കില്‍ ഭിന്നതയില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ കഴിയണം. ഇടതുപക്ഷത്തിന് ഇപ്പോഴും ജനസാമാന്യത്തെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്കുകള്‍കൊണ്ട് കേരളത്തെ ഇളക്കിമറിച്ച പ്രതിഭയായിരുന്നു വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എന്ന് പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. തന്റെ കാലഘട്ടത്തെ മാനുഷികമാക്കാനും അറിവുകളെ സര്‍ഗാത്മകമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ചന്ദ്രശേഖരന്‍ നായര്‍ എക്കാലവും നടത്തിയിട്ടുള്ളതെന്ന് ആലങ്കോട് അനുസ്മരിച്ചു. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സ്മാരക പുരസ്‌കാരം സി രാധാകൃഷ്ണന് ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മാനിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് സി രാധാകൃഷ്ണന് അവാര്‍ഡ് നല്‍കിയത്.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍ അനുസ്മരണപ്രഭാഷണം നടത്തി. വനിതാകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദാ മോഹന്‍, സി ഗൗരീദാസന്‍ നായര്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, പ്രശാന്ത് ആലപ്പുഴ, സാംജി ടി.വി പുരം, അരവിന്ദന്‍ കെ.എസ് മംഗലം, സലിം മുല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. എം.ഡി ബാബുരാജ്, എന്‍ അനില്‍ ബിശ്വാസ്, അജിത് വര്‍മ, പി.രാജീവ്, കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.