Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബില്ലുകള്‍ പാസായില്ല; വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ട്രഷറി ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു
11/04/2023
വൈക്കം ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് കെ.കെ രഞ്ജിത്തും മെമ്പര്‍മാരും വൈക്കം സബ് ട്രഷറി ഓഫീസിനു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വൈക്കം ട്രഷറി ഓഫീസിന് മുന്‍പില്‍ പ്രതിേേഷധ ധര്‍ണ നടത്തി. 2022-23 സാമ്പത്തിക വര്‍ഷം മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിച്ച ബ്ലോക്ക് പഞ്ചായത്താണ് വൈക്കം. എല്ലാ പദ്ധതികളും പൂര്‍ത്തീകരിച്ച് ബില്‍ യഥാസമയം ട്രഷറിയിയില്‍ സമര്‍പ്പിച്ചിട്ടും വൈക്കം ട്രഷറിയില്‍ നിന്ന് ബില്‍ പാസ്സാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സബ് ട്രഷറി ഓഫീസിനു മുന്നില്‍ ജനപ്രതിനിധികള്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. സര്‍ക്കാരിന്റെ സംഖ്യാ സോഫ്ട് വെയറിലെ കണക്കനുസരിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തുമാണ്. പക്ഷേ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച ബില്‍ പാസ്സാക്കാത്തതിനാല്‍ വൈക്കം ബ്ലോക്ക് പിന്നോക്കം പോയതായി പ്രതിനിധികള്‍ ആരോപിച്ചു. മാര്‍ച്ച് 30ന് രാത്രിയാണ് അവസാന അലോട്‌മെന്റ് സര്‍ക്കാര്‍ നല്‍കിയത്. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12ന് മുന്‍പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ട്രഷറിയില്‍ ബില്ലുകള്‍  നേരിട്ട് സമര്‍പ്പിച്ചതാണ്. 30 ബില്ലുകളാണ് സമര്‍പ്പിച്ചത്. ഒരു ബില്ലുപോലും വൈക്കം ട്രഷറിയില്‍ നിന്നും പാസ്സായില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി  അംഗങ്ങള്‍ ട്രഷറി ഓഫീസറോട്  സംസാരിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ആര്‍ സലില, അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, വീണ അജി, എം.കെ ശീമോന്‍, എസ്.ബിജു, എം.കെ റാണിമോള്‍ എന്നിവരാണ് വൈക്കം ട്രഷറി ഓഫീസിനു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധനകാര്യ വകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്.