Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രം പുതിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമാകണം: പുന്നല ശ്രീകുമാര്‍
10/04/2023
കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെയും സംഘാടകസമിതി രൂപീകരണയോഗം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യഗ്രഹ ചരിത്രം പുതിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമാകണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മെയ് 13 മുതല്‍ 15 വരെ വൈക്കത്ത് നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെയും 52-ാമത് സംസ്ഥാന സമ്മേളനത്തിന്റെയും നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ സാമൂഹിക മുന്നേറ്റത്തില്‍ നിര്‍ണായക പങ്കാണ് വൈക്കം സത്യാഗ്രഹത്തിനുള്ളത്. ഇതിനെ തുടര്‍ന്ന് ഗുരുവായൂര്‍, പാലിയം, കുട്ടംകുളം തുടങ്ങിയ സമരങ്ങളും ക്ഷേത്ര പ്രവേശന വിളംബരവും സാധ്യമായി. സ്വാതന്ത്ര്യത്തിന് ഉടമകളായിരുന്നവര്‍ സ്വാര്‍ത്ഥത വെടിഞ്ഞ്  അധഃസ്ഥിതരോടൊപ്പം പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ബഹിഷ്‌കൃതരെ ചേര്‍ത്തു നിര്‍ത്തിയ ഉല്‍പതിഷ്ണുക്കളുടെ നാട് വീണ്ടും ജീര്‍ണതകള്‍ക്ക് വേദിയാവുകയാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. മനുഷ്യ സ്നേഹികള്‍ക്കും വിപ്ലവകാരികള്‍ക്കും പ്രചോദനമായ ഗതകാലത്തിലെ ഈ സമരചരിത്രം പുതിയ തലമുറയുടെ മുന്‍പാകെ അവതരിപ്പിക്കുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 13ന് ശതാബ്ദി സമ്മേളനം വൈക്കം ബീച്ച് മൈതാനിയിലും, സംസ്ഥാന സമ്മേളനം 14നും 15നുമായി വൈക്കം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, വിവിധ സമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.   വൈക്കം സത്യഗ്രഹത്തിലെ അനശ്വര രക്തസാക്ഷി ആമചാടി തേവന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കാല്‍നടയായി കൊണ്ടുവരുന്ന ദീപം സമ്മേളന വേദിയില്‍ തെളിക്കും.
സംഘാടക സമിതി രൂപീകരണ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സാബു കരിശ്ശേരി, പി.വി ബാബു, എന്‍.ബിജു, മനോജ് കൊട്ടാരം, കെ.യു അനില്‍, കെ.കെ കൃഷ്ണകുമര്‍, അഖില്‍ കെ.ദാമോദരന്‍, ലതിക സജീവ്, പി.ടി ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.