Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂരില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; പഞ്ചായത്ത് അംഗങ്ങള്‍ വാട്ടര്‍ അതോറിട്ടി ഓഫീസിനുമുന്നില്‍ സമരം നടത്തി
06/04/2023
വെച്ചൂരിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാറിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ വൈക്കത്തെ വാട്ടര്‍ അതോറിട്ടി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും വൈക്കത്തെ വാട്ടര്‍ അതോറിട്ടി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്തിന്റെ 13 വാര്‍ഡുകളിലും ഒരാഴ്ച കാലമായി കുടിവെള്ളം കിട്ടാതെ നാലായിരത്തിയെണ്ണൂറോളം കുടുംബങ്ങള്‍ വിഷമിക്കുകയാണ്. വേനല്‍ ചൂടിന്റെ തീഷ്ണതയില്‍ വേമ്പനാട്ട് കായലില്‍ ഉപ്പുവെള്ളം നിറഞ്ഞതും ഇതുവഴി പൊതുജലാശയങ്ങളിലെ ശുദ്ധജലം മലിനമായതും പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം അതിരൂക്ഷമാക്കി. ഉള്‍നാടന്‍ തോടുകളിലെ ശുദ്ധജല സൗകര്യം ജനജീവിതത്തിന് തുണയായിരുന്നു. വേമ്പനാട്ട് കായലിലെ ഓരുവെള്ളം ഉള്‍നാടന്‍ തോടുകളിലേക്ക് ഒഴുകി കേറിയത് ശുദ്ധജല സൗകര്യത്തെ പാടെ തടഞ്ഞു. കിണറുകളും കുളങ്ങളും വറ്റി വരണ്ടതും മറ്റു ജലാശയങ്ങളിലെ ജലസൗകര്യം നഷ്ടമായി. വൈക്കം വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജലം മാത്രമായിരുന്നു ആശ്രയം. ഈ സൗകര്യങ്ങളും നിലച്ചതോടെയാണ് ജനപ്രതിനിധികള്‍ സമരപരിപാടിയുമായി വൈക്കത്തെ വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തിയത്. രാവിലെ തുടങ്ങിയ കുത്തിയിരിപ്പ് സമരം വാട്ടര്‍ അതോറിട്ടി അസി. എഞ്ചിനീയറുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്നാണ് സമര പരിപാടി അവസാനിപ്പിച്ചത്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പഞ്ചായത്തിലെ 13 വാര്‍ഡുകളിലും പൂര്‍ണ അളവില്‍ കുടിവെള്ളമെത്തിക്കണമെന്ന് പഞ്ചായത്ത് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തോട് അനുഭാവപൂര്‍ണമായ നിലപാട് എടുത്ത അനധികൃതരുടെ നിലപാടിലാണ് സമരപരിപാടി പിന്‍വലിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈല കുമാര്‍, വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ മണിലാല്‍, മെമ്പര്‍മാരായ സോജി ജോര്‍ജ്, ബിന്ദു രാജ്, സ്വപ്ന മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.